TOPICS COVERED

കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തില്‍ പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്. ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് ഹര്‍ജിക്കാരനായ വിഷ്ണു സുനിൽ പന്തളത്തിന്റെ മൊഴിയെടുത്തത്. ഗായകന്‍ അലോഷി വിപ്ലവ ഗാനം പാടിയതില്‍ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രധാനപ്രതികളെന്നാണ് വിഷ്ണുവിന്റെ വാദം.

ക്ഷേത്രത്തില്‍ ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളുടെ പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്ര ഉപദേശക സമിതിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമാണ്. ഇവരെ രക്ഷപെടുത്തുംവിധം കടയ്ക്കല്‍ പൊലീസ് ഗായകനായ അലോഷിയെ ഒന്നാംപ്രതിയാക്കിയെന്നാരോപിച്ചാണ് ഹൈക്കോടതിയിലെ ഹര്‍ജിക്കാരനായ വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കടയ്ക്കല്‍ പൊലീസ് വിഷ്ണുവിന്റ മൊഴിയെടുത്തു. 

കഴിഞ്ഞമാസം പത്തിന് തിരുവാതിര ഉല്‍സവത്തിന്റെ ഭാഗമായി നടത്തിയ സംഗീതപരിപാടിയിലാണ് ഗായകന്‍‌ അലോഷി ആദം പുഷ്പനെ അറിയാമോ എന്ന വിപ്ളവ ഗാനം ആലപിച്ചത്. ‍ഡിവൈഎഫ്െഎ പതാക സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുഴക്കുകയും ചെയ്തെന്നാണ് കടയ്ക്കല്‍ പൊലീസിന്റ എഫ് െഎആര്‍. കഴിഞ്ഞമാസം പരാതി ലഭിച്ചെങ്കിലും കേസെടുത്തില്ല. ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതോടെയാണ് കടയ്ക്കല്‍ പൊലീസ് എഫ്െഎആര്‍ ഇടാന്‍ തയാറായത്.

ENGLISH SUMMARY:

In the controversy surrounding the revolutionary song at Kadakkal Devi Temple in Kollam, the police have recorded the statement of the complainant, Vishnu Sunil Panthal, after he filed a complaint with the DGP. Vishnu claims that the temple advisory committee and the Devaswom Board officials are the main parties responsible for allowing singer Aloysius to perform the revolutionary song.