തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കിയെന്ന് കണ്ടെത്തല്‍. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉൾപ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികില്‍സാരേഖകളും ലഭിച്ചു. 

മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറുകയും ചെയ്തു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്. 

നിലവിലെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി  പൊലീസ് കോടതിയില്‍ അറിയിക്കും. ഉദ്യോഗസ്ഥയുടെ കുടുംബവും ഗര്‍ഭച്ഛിദ്രത്തിന്‍റെയടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കും. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്. 

ഐബി ഉദ്യോഗസ്ഥ ട്രെയിന്‍തട്ടി മരിച്ചതില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയായിരുന്നു സുകാന്ത് ജാമ്യഹര്‍ജി നല്‍കിയത്. തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നെന്നും, വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തെന്നും ഹർജിയിലുണ്ട്. വീട്ടുകാരുടെ നിലപാടിൽ യുവതി നിരാശയായിരുന്നുവെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു. ബന്ധം തുടരാൻ തീരുമാനിച്ച് തങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന്‍റെ കാരണം മാതാപിതാക്കളുടെ സമ്മർദ്ദവും വിഷമവുമാണെന്നും സുകാന്ത് ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബം തള്ളിയിരുന്നു.

ENGLISH SUMMARY:

The investigation into the suicide of an IB officer in Thiruvananthapuram has uncovered that her friend, Sukanth, forged documents to facilitate her abortion at a private hospital. Police discovered fake marriage documents, including a forged wedding invitation. The officer’s bank account showed multiple transfers totaling around three and a half lakh rupees to Sukanth's account. Following the abortion, Sukanth distanced himself from the officer and sent a message to her mother, indicating his disinterest in marriage.