വഖഫ് നിയമഭേദഗതി കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ബുധനാഴ്ച എന്‍ഡിഎ മുനമ്പത്ത് സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ ഉദ്ഘാടനം ചെയ്യുന്നതിനാണ് ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യ മന്ത്രിയെ ബി.ജെ.പി മുനമ്പത്തേക്ക് എത്തിക്കുന്നത്. ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനും ശ്രമം തുടങ്ങി.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വോട്ടുബാങ്കില്‍ കൂടുതല്‍ കടന്നുകയറാന്‍ ലക്ഷ്യമിട്ടാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിച്ച കിരണ്‍ റിജിജുവിനെ തന്നെ ബിജെപി മുനമ്പത്ത് ഇറക്കുന്നത്. അതും ബില്ല് പാസാക്കി ദിവസങ്ങള്‍ക്കകം. ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു അവകാശപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിയെ എത്തിക്കുക വഴി ഇക്കാര്യത്തില്‍ എല്‍ഡിഎഫ്, യു.ഡി.എഫ് എംപിമാര്‍ സ്വീകരിച്ച നിലപാടിനെതിരായ മൂര്‍ച്ചയേറിയ പ്രചാരണത്തിനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ വിവിധ ക്രൈസ്തവമത മേലധ്യക്ഷന്‍മാരെ കാണാനും കിരണ്‍ റിജിജു ശ്രമിക്കും. ഇതിന് അണിയറനീക്കം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് കൊച്ചിയില്‍ വന്നപ്പോള്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.
വഖഫ് നിയമഭേദഗതി പാസായതിന് പിന്നാലെ മുനമ്പത്തുനിന്ന് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. വഖഫ് നിയമഭേദഗതി മുനമ്പം ജനതയെ രക്ഷിച്ചെന്നാണ് ബിജെപി പ്രചാരണം. വിഷയത്തില്‍ ഹൈബി ഈഡന്‍ എംപിക്കെതിരെ ബിജെപി ശക്തമായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇന്ന് ഹൈബി ഈഡന്‍ കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.