പത്തനംതിട്ട പന്തളത്ത് വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24) ആണ് മരിച്ചത്. വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തിനെ കാണാനായി ആശുപത്രിയിലേക്ക് പോയതായിരുന്നു സുബീക്ക്. അപകട മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപമാണ് അപകടം നടന്നതെന്നാണ് വിവരം. രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്തുതന്നെ ബൈക്കും കിടപ്പുണ്ടായിരുന്നു.
പ്രഭാത സവാരിക്ക് പോയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. താജുദ്ദീന്റെയും സഹീറയുടെയും മകനാണ്. സഹോദരി: സുമി. സുബീക്കിന്‍റെ ഖബറടക്കം നടത്തി.