മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ദുരൂഹ ഇടപാടുകേസിലെ എസ്എഫ്‌ഐഒ യുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയിൽ. എസ്എഫ്‌ഐഒ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെയാണ് നീക്കം. എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കരുത്. റിപ്പോർട്ട് കോടതിയിൽ നൽകും മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണം. എസ്എഫ്‌ഐഒ നീക്കം ദുരുദ്ദേശപരമാണ് എന്നും സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
അതേസമയം, സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വായ്പ എടുത്തശേഷം തിരിച്ചടക്കാതെ വീണയുടെ എക്സാ ലോജിക് കമ്പനി അടച്ചുപൂട്ടി വഞ്ചിച്ചെന്നാണ് പുതിയ കുറ്റപത്രത്തില്‍ പറയുന്നകത്. എക്സാലോജിക് മുഖ്യപ്രതിയാവുന്ന ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക എസ്.എഫ്.ഐ.ഒ കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരുവിലെ കോടതിയില്‍ ആയിരിക്കും.
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കൂട്ടുപ്രതികൾക്ക് ഒപ്പമാണ് വീണയുള്ളത്. 2.70 കോടിയുടെ സാമ്പത്തിക കുറ്റാരോപണമാണ് ഈ കേസില്‍ വീണയ്ക്കെതിരെ ഉള്ളത്. കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ പ്രതികള്‍ക്ക് സമന്‍സ് അയക്കും. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നതിനിടെ വീണയ്ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ വരുന്നത് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നുണ്ട്.