മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികരെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ ഒളിച്ചുകളിച്ച് പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞെങ്കിലും എഫ്ഐആറില്‍ പ്രതികളുടെ പേരില്ല. എഫ്ഐആര്‍ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതിനിടെ, ഒഡീഷയില്‍ മലയാളി വൈദികനെയടക്കം പൊലീസ് മര്‍ദിച്ചതില്‍ ബെര്‍ഹാംപൂര്‍ രൂപത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും
ജബല്‍പുരില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ മലയാളി വൈദികരായ ഫാ. ഡേവിസ് ജോര്‍ജ്, ഫാ. ജോര്‍ജ് തോമസ് എന്നിവരെ ആക്രമിച്ചതില്‍ ചുമത്തിയ വകുപ്പുകള്‍ മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്നാണ് വാര്‍ത്താ ഏജന്‍സിയോട് ജബല്‍പുര്‍ എസ്പി സതീഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ എഫ്ഐആറിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്. തിരിച്ചറിയാത്ത രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും എന്ന്. പ്രതിഷേധത്തിനൊടുവില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതിന്‍റെ കാരണം മറ്റൊന്നല്ല.
മതപരിവര്‍ത്തനം ആരോപിച്ച് വൈദികരെ മര്‍ദിച്ച വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതിനിടെ, ഇന്ന് ജബല്‍പൂര്‍ രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ കുര്‍ബാനയ്ക്കൊപ്പവും ശേഷവും പ്രത്യേക പ്രാര്‍ഥന നടത്തും. അതിനിടെ, ഒഡീഷയിലെ ബെര്‍ഹാംപൂരിലെ അവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ഫാ. ജോഷി ജോര്‍ജിനെയും അസിസ്റ്റന്‍റ് വികാരിയായ ഒഡീഷ സ്വദേശി ദൊയാനന്ദ നായിക്കിനെയും മര്‍ദിച്ചതില്‍ രൂപത ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.
പൊലീസ് അതിക്രമത്തില്‍ മലയാളി വൈദികന്് നിസ്സാര പരുക്കും ഒഡീഷ സ്വദേശിയായ വൈദികന് ഗുരുതര പരുക്കുമാണേറ്റത്. കഞ്ചാവ് റെയ്ഡിനെത്തിയ മുന്നൂറോളം വരുന്ന പൊലീസുകാരാണ് പള്ളയില്‍ക്കയറി വൈദികരെ മര്‍ദിച്ചത്.