നാട്ടിലിറങ്ങുന്ന മുഴുവന്‍ വന്യമൃഗങ്ങളെയും വെടിവയ്ക്കുമെന്ന് പ്രഖ്യാപിച്ച കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി റദ്ദാക്കി. അധികാരദുര്‍വിനിയോഗം നടത്തിയതുകൊണ്ടാണ് നടപടിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഹൈക്കോടതിയെ സമീപിക്കാനാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ തീരുമാനം.
കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അധിക്കാരപ്പെടുത്തിയുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവിയാണ് റദ്ദാക്കിയത്. പദവി റദ്ദാക്കണമെന്ന വനംവകിപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഇനിമുതല്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ഉത്തരവിടാനുള്ള അധികാരം.
നാടിന്‍റെ പ്രശ്നം ഭരണഘടനാപരമായി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പദവി റദ്ദാക്കിയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ മാസമാണ് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവയ്ക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതിനായി ഷൂട്ടര്‍മാരുടെ പാനലുണ്ടാക്കി ചര്‍ച്ചയും നടത്തി. സെക്രട്ടറിയുടെ വിയോജിപ്പോടെയായിരുന്നു അന്നത്തെ തീരുമാനം