മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചതിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവൈദ്യത്തില്‍ ആണ് വിശ്വാസമര്‍പ്പിച്ചിരുന്നത്. ആദ്യത്തെ നാലു പ്രസവങ്ങളും വീട്ടില്‍ത്തന്നെയായിരുന്നു നടത്തിയിരുന്നത്. ഭര്‍ത്താവ് സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്.

ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം ചട്ടിപ്പറമ്പിലെ വാടകവീട്ടിലെത്തുന്നത്. ഈ വീട്ടില്‍ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരില്‍ പലരും ഇയാളെക്കുറിച്ചു പറയുന്നത്. ‘മടവൂര്‍ ഖാഫില’ എന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്. ഈ കുടുംബത്തില്‍ നാലു കുട്ടികള്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല. കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നത്. ഒന്‍പതാം ക്ലാസിലും രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞുകൊച്ച് കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിവില്ല.

കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോള്‍ അയല്‍ക്കാരി ഗര്‍ഭിണിയാണോ എന്നു ചോദിച്ചെന്നും എട്ടുമാസം ഗര്‍ഭിണിയാണെന്നു മറുപടി പറഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന് എന്താണ് ജോലിയെന്നും നാട്ടുകാര്‍ക്ക് അറിയില്ല. കാസര്‍കോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. പ്രഭാഷണത്തിനു പോകാറുള്ളത് നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാം. ഇയാള്‍ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും നേരത്തേ വന്നിട്ടുണ്ടെങ്കിലും എല്ലാത്തിനും യുട്യൂബ് ചാനലിലൂടെയായിരുന്നു മറുപടി പറഞ്ഞത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ ആ വീട്ടിലേക്ക് വരാറുണ്ടായിരുന്നില്ല. ഉമ്മയും ഉപ്പയും കൂടെ താമസിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് സിറാജുദ്ദീന്‍ തന്റെ നാലു പൊടിക്കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ പല നിലപാടുകളുമായും താല്‍പര്യമില്ലാത്തതുകൊണ്ടാണ് ആരും അടുക്കാത്തതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. 63,500 സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ് മടവൂര്‍ ഖാഫില.

ENGLISH SUMMARY:

Shocking details are emerging following the death of a young woman who gave birth at home in Chattiparamba, Malappuram. The deceased woman is Asma, a resident of Perumbavoor. She passed away during her fifth childbirth. After her death, her husband Sirajuddin took the body to his wife’s hometown in Perumbavoor. The police intervened and transferred the body to the Taluk Hospital.