മലപ്പുറം ഈസ്റ്റ് കോഡൂരിൽ ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഈസ്റ്റ് കോഡൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ഭാര്യ 35 കാരി അസ്മയാണ് മരിച്ചത്. അയൽക്കാരെ പോലും അറിയിക്കാതെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊലീസ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദീനെതിരെ പൊലീസ് കേസെടുത്തു.

പുറംലോകവുമായി കുടുതൽ ഇല്ലാതെ കഴിഞ്ഞ സിറാജുദ്ദീന്റെ ഭാര്യ അസ്മ അഞ്ചാമത്തെ പ്രസവത്തിനിടെയാണ് മരിച്ചത്. മരണത്തിന് പിന്നാലെ മൃതദേഹവുമായി പെരുമ്പാവൂരിലെ ഭാര്യ വീട്ടിലേക്കാണ് സിറാജുദ്ദീൻ പോയത്. നവജാത ശിശുവിനേയും കൊണ്ടു പോയിട്ടുണ്ട്. ഭാര്യയ്ക്ക് ശ്വാസം മുട്ടലാണന്ന് ആംബുലൻസ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര.  ഭാര്യയുടെ ബന്ധുക്കളാണ്  പൊലീസിൽ വിവരം അറിയിച്ചത്. അസ്മയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്ത സിറാജുദ്ദീൻ ചികിൽസയിലാണ്.  പെരുമ്പാവൂർ പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മലപ്പുറത്തെ തൊട്ട അയൽക്കാർ പോലും മരണവിവരം അറിയുന്നത്.

ഭാര്യ ഗർഭിണിയായ വിവരം ആശാവർക്കറെ പോലും അറിയിക്കാതെ മറച്ചുവച്ചിരുന്നു. മുൻപത്തെ നാല് പ്രസവവും ആശുപത്രിയിൽ പോകാതെ വീട്ടിൽ വച്ചായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പെരുമ്പാവൂർ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ENGLISH SUMMARY:

A woman who gave birth at home in Chattiparam, Malappuram, has died. The deceased is Asma, a native of Perumbavoor. Asma died in her fifth delivery. Following the death of her wife, her husband Sirajuddin took her body to Perumbavoor. The body, which was taken to her house in Perumbavoor, was shifted to the Taluk Hospital after the police intervened.