sabha

TOPICS COVERED

രാഷ്ട്രീയ പാര്‍ട്ടീ രൂപീകരണം സജീവ പരിഗണനയിലെന്ന താമരശേരി, തലശേരി അതിരൂപതകളുടെ പ്രഖ്യാപനത്തില്‍ കരുതലോടെ നീങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും. അതേസമയം ക്രൈസ്തവ സഭകളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനായാല്‍ അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം കൊയ്യാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിലപാടില്‍ ഉറച്ച് ക്രൈസ്തവ സഭകള്‍ മുന്നോട്ട് പോയാല്‍ ഇടതുവലത് മുന്നണികള്‍ക്ക് അത് വലിയ തലവേദനയാകും. 

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും ഇത്ര കണ്ട് നിലപാട് കടുപ്പിക്കുന്നത് അപൂര്‍വമാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പറയുമ്പോള്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഭരണത്തിലേറണമെന്നും താമരശേരി ബിഷപ്പ് വ്യക്തമാക്കുന്നുണ്ട്.  ഇതിനെ ശരി വക്കുന്ന നിലപാടാണ് തലശേരി അതിരൂപതയ്ക്കും. 

രണ്ട് പേരുടെയും പ്രതികരണങ്ങള്‍ സൂക്ഷ്മതയോടെ വീക്ഷിക്കുകയാണ് ഇടതുവലതു മുന്നണികള്‍. സര്‍ക്കാരിനെതിരെ കടുത്ത നിലപാടെടുക്കുമ്പോഴും യുഡിഎഫിനൊപ്പം നില്‍ക്കുന്ന സമീപനമല്ല ക്രൈസ്തവ സഭകള്‍  സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അടുത്ത തവണ ഭരണം ലക്ഷ്യമിടുന്ന യു ഡിഎഫ് തന്നെ. മുസ് ലിം ലീഗ് ഒപ്പമുണ്ടെങ്കിലും പരമ്പരാഗത വോട്ടുബാങ്കിന് വിള്ളല്‍ വീഴുമോ എന്ന് സ്വാഭാവികമായും അവര്‍ സംശയിക്കുന്നു. അതേസമയം വഖഫ് ഭേദഗതി ബില്ലിലൂടെ നിര്‍ണായക രാഷ്ട്രീയ നീക്കം നടത്താനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. മുനമ്പത്തിലൂടെ നേട്ടം കൊയ്യാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷകളെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാനാകും ഇരു മുന്നണികളുടെയും ശ്രമം.

ENGLISH SUMMARY:

Both LDF and UDF are proceeding with caution in their approach to the Christian churches, which are expected to play a pivotal role in the upcoming local body and legislative elections. Meanwhile, BJP is strategizing to gain the trust of Christian communities, predicting significant benefits if they succeed. A shift in the churches' stance could pose challenges for both the left and right coalitions.