കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ആറാട്ടുല്‍സവത്തില്‍ കാലില്‍ മുറിവുകളുള്ള ആനയെ എഴുന്നള്ളിച്ച് ക്രൂരത. പാലക്കാട്ടെ മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെയാണ് മുറിവുകളോടെ എഴുന്നള്ളിച്ചത്. പരിശോധയില്‍ ആറ് മുറിവുകള്‍ വനംവകുപ്പ് കണ്ടെത്തി. പ്രശ്നമായതോടെ ആനയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചു
മംഗലാംകുന്ന് മുകുന്ദന്‍, ഗണേശന്‍ എന്നീ ആനകളെയാണ് ഏഴുദിവസത്തെ ഉത്സവത്തിന് എഴുന്നള്ളിക്കാനായി പാലക്കാടുനിന്ന് എത്തിച്ചത്. ഇതില്‍ ഗണേശന്‍റെ പിന്‍കാലിലെ മുറിവ് പഴുത്തിരുന്നു. മുറിവില്‍ തുണിവെച്ചായിരുന്നു എഴുന്നള്ളത്ത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന നിയമം ലംഘിക്കപ്പെട്ടെന്ന് കാട്ടി മൃഗസ്നേഹികള്‍ പരാതി നല്‍കിയതോടെ വനം വകുപ്പ് ഇടപെട്ടു.
പരിശോധനയില്‍ കണ്ടെത്തിയത് ആറ് മുറിവുകള്‍. പിന്‍കാലുകളിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളവ. ഇതോടെ ആനയെ എഴുന്നള്ളിക്കരുതെന്ന് വനം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ആനയ്ക്ക് ഫിറ്റ്നസുണ്ടായിരുന്നതിനാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. ഫിറ്റ്നസുള്ളതുകൊണ്ടാണ് എഴുന്നള്ളിച്ചതെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വിശദീകരണം.
മംഗലാംകുന്ന് ഗണേശന്‍റെ ശരീരത്തില്‍ മുമ്പും മുറിവുകള്‍ കാണപ്പെട്ടിട്ടുണ്ട്. നിലത്തുകിടന്നാലുണ്ടാകുന്ന തരം മുറിവുകളെന്നാണ് വിവരം. സമാനമായ മുറിവുകളേറ്റിരുന്ന മംഗലാംകുന്ന് ഉമാമഹേശ്വരന്‍ എന്ന ആനയുടെ കേസ് നേരത്തെ ഹൈക്കോടതിയ്ക്ക് മുമ്പിലെത്തിയിരുന്നു. സാധാരണയുണ്ടാകുന്ന മുറിവുകളെന്നാണ് അന്ന് ആനയുടമകള്‍ വിശദീകരിച്ചത്.