കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയുടെ പെരുമാറ്റത്തെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. അദ്ദേഹത്തിനല്ല തിരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയത്. തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഭരത്ചന്ദ്രന്‍ അഭിനയിച്ചതിന് ശേഷം സുരേഷ് ഗോപിയുടെ കാറിന്‍റെ പിറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. ആക്ഷനും റിയാക്ഷനുമൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണെന്നും കട്ട് പറയേണ്ട സംവിധായകര്‍ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ബി.ഗണേഷ്കുമാറിന്‍റെ വാക്കുകള്‍
അദ്ദേഹത്തെക്കുറിച്ച് ഇനി ഞാന്‍ ഒന്നും പറയില്ല, കാരണം തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സാരമില്ല എന്ന് എല്ലാവരും വിചാരിച്ചു. ഇനി എല്ലാവരും അനുഭവിക്കുക എന്നേയുള്ളു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റിയോ. തിരഞ്ഞെടുപ്പിന് മുന്‍പുള്ള എന്‍റെ പ്രസംഗങ്ങള്‍ കേട്ട് പലരും ചോദിച്ചു എന്തിനാണ് നിങ്ങള്‍ അങ്ങനെ പറഞ്ഞത് എന്നൊക്കെ ചോദിച്ചു. അദ്ദേഹത്തിനല്ല കുഴപ്പം തിരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയത്. അതില്‍ കൂടുതല്‍ എന്ത് പറയാനാണ് ഞാന്‍. ഏതായാലും തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ധേഹം ഭരത്ചന്ദ്രന്‍ അഭിനയിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ കാറിന്‍റെ പിറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. പണ്ട് എസ്പിമാരൊക്കെ പോകുമ്പോള്‍ അവരുടെ തൊപ്പി ഊരി കാറിന്‍റെ പിറകില്‍ വയ്ക്കും. അതുപോലെ ഇദ്ദേഹത്തിന്‍റെ കാറിന്‍റെ പിറകില്‍ എസ്പിയുടെ തൊപ്പിയുണ്ടാകുമായിരുന്നു. ഞാന്‍ തമാശ പറഞ്ഞതല്ല. ഓര്‍മയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ചോദിച്ചാല്‍ മതി. കാറിന്‍റെ പിറകില്‍ നിന്ന് നോക്കിയാല്‍ കാണുന്ന പോലെ അത് വെച്ചിട്ടുണ്ടാകും. അത് തിരുവനന്തപുരത്തുള്ളവര്‍ക്ക് അറിയാം. ചോദിച്ചാല്‍ പറഞ്ഞ് തരും. അത്രയേ പറയാന്‍ ഉള്ളു. ആക്ഷനും റിയാക്ഷനുമൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. കട്ട് പറയാന്‍ ഞാന്‍ സംവിധായകന്‍ അല്ലല്ലോ. കട്ട് പറയേണ്ട സംവിധായകര്‍ ജനങ്ങളാണ് അവര് അത് പറയും.