ആശാസമരത്തിനെതിരെ വിരുദ്ധ നിലപാട് എടുത്ത ഐഎൻടിയുസി അധ്യക്ഷൻ ആർ.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. സുരേഷ് ഗോപിയെ ആനയിച്ച് സ്വീകരിച്ച ആശാസമരക്കാർ കേന്ദ്രത്തിന് മുൻപിൽ വിഷയം അവതരിപ്പിക്കാത്തത് എന്താണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി കുറ്റപ്പെടുത്തി. ബേബി സമരപ്പന്തൽ സന്ദർശിച്ചാൽ തെറ്റിദ്ധാരണ മാറുമെന്ന് സമരക്കാർ തിരിച്ചടിച്ചു. അതേസമയം, പ്രശ്നപരിഹാരത്തിന് വഴിതേടി ആശാസമരക്കാർ മന്ത്രി വി.ശിവൻകുട്ടിയെ വൈകിട്ട് കാണും.
കോൺഗ്രസിനെയും യുഡിഎഫിനെയും നിരന്തരം വെട്ടിലാക്കി ആശാസമരത്തിനെതിരെ നിലപാടെടുത്ത ആർ.ചന്ദ്രശേഖരനെതിരെ ഒടുവിൽ വടിയെടുത്ത് കെപിസിസി. മന്ത്രി വീണാ ജോർജ് വിളിച്ച യോഗത്തിൽ സർക്കാർ കമ്മിറ്റി രൂപീകരണത്തെ ചന്ദ്രശേഖരൻ അനുകൂലിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും നേതൃത്വം വിലയിരുത്തി. ചന്ദ്രശേഖരനെ താക്കീത് ചെയ്ത കെ.സുധാകരൻ, പാർട്ടിക്ക് വിരുദ്ധമായ നിലപാട് തുടർന്നാൽ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി. അതേസമയം, ജനറൽസെക്രട്ടറിയായ ശേഷമുള്ള അഭിമുഖത്തിൽ ആശാസമരത്തോടുള്ള വിയോജിപ്പ് ബേബി പരസ്യമാക്കി.
അതേസമയം, സമരം ഒത്തുതീർപ്പാക്കാൻ ചർച്ചയ്ക്ക് മുൻകൈയെടുക്കാമെന്ന് കഴിഞ്ഞദിവസം പ്രസ്താവിച്ച മന്ത്രി വി.ശിവൻകുട്ടിയെ കാണാൻ സമരസമിതി തീരുമാനിച്ചു.