ഹോട്ടലുകളിൽ ഭക്ഷണത്തിന് തോന്നുന്ന വില ഈടാക്കുന്നത് തടയാൻ നിയമം വരുന്നു. ഗ്രേഡിങ് നടപ്പാക്കി വില നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. സമവായത്തിലൂടെ തീരുമാനം നടപ്പാക്കുമെന്നും ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ആലോചനയെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമന്യൂസിനോട് പറഞ്ഞു.
പറോട്ടയ്ക്ക് ഒരിടത്ത് പത്ത് രൂപ, മറ്റൊരിടത്ത് പന്ത്രണ്ട് രൂപ. ബിരിയാണിക്ക് 50 മുതൽ 300 വരെ. വ്യവസ്ഥയില്ലാത്ത ഒന്നാണ് ഹോട്ടലുകളിലെ വിലവിവരപ്പട്ടിക. കേന്ദ്രനിയമം നിയന്ത്രണമേർപ്പെടുത്തുന്നതിന് തടസമാണെന്നിരിക്കെ, സംസ്ഥാന ആലോചിക്കുന്നത് പുതുവഴിയാണ്. ബാർ ഹോട്ടലുകൾക്ക് സ്റ്റാർ നൽകുന്നത് പോലെ, ഹോട്ടലുകൾക്ക് ഗ്രേഡിങ്. അതിലൂടെ വില നിയന്ത്രണം.
ഭക്ഷ്യവസ്തുതക്കളുടെ വില നോക്കി മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിക്കുന്ന രീതിയിലാകും വില നിശ്ചയിക്കുക. ശബരിമലയിൽ നടപ്പാക്കിയതും ആത്മവിശ്വാസം കൂട്ടി. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് നിയമനിർമാണത്തിന് ഇറങ്ങി പരാജയപ്പെട്ടത് ഓർമയുള്ളതിനാൽ കരുതലോടെയാണ് നീക്കം.