സംസ്ഥാനത്ത് കിഫ്ബി വഴി നവീകരിച്ചത് 973 സ്കൂളുകള്‍. അമ്പത്തിരണ്ടായിരം സ്കൂള്‍ മുറികള്‍ ഹൈടെക്കാക്കിയപ്പോള്‍ മൂന്നേമുക്കാല്‍ ലക്ഷത്തോളം ഡിജിറ്റല്‍ ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങി. പൊതുവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ കിഫ്ബിയുടെ പങ്ക് വലുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
ചോര്‍ന്നൊലിച്ചും ഇടിഞ്ഞ് വീഴാറായിയും നില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് പെയിന്‍റടിച്ച് മനോഹരമാക്കിയ കോണ്‍ക്രീറ്റ് മന്ദിരങ്ങളിലേക്കുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ മാറ്റം സമീപകാലത്ത് കേരളത്തിലെങ്ങും കാണാം. കിഫ്ബി അനുവദിച്ച തുകകളാണ് ഈ മാറ്റത്തിന്‍റെ അടിസ്ഥാനമായി വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടുന്നത്. 973 സ്കൂളുകള്‍ക്ക് കിഫ്ബി വഴി നവീകരണത്തിന് ഫണ്ട് അനുവദിച്ചു. 519 ഇടത്ത് പൂര്‍ത്തിയായി. 454 ഇടത്ത് പുരോഗമിക്കുന്നു.എ.സിയുള്ള ക്ളാസ് മുറികളും ലിഫ്റ്റ് വെച്ച സ്കൂളുകളുമാണ് കുട്ടികളുടെ ആവശ്യവും ആകര്‍ഷണവും.
കെട്ടിട നിര്‍മാണത്തില്‍ മാത്രമല്ല, ഹൈടെകും സ്മാര്‍ട്ടുമായി ക്ളാസ്മുറികളെ മാറ്റി വിദ്യാഭ്യാസരംഗം ഡിജിറ്റലൈസാക്കുന്നതിലും കിഫ്ബിക്ക് വലിയ പങ്കുണ്ട്. 52000 ക്ളാസ്മുറികള്‍ സ്മാര്‍ട്ടാക്കിയപ്പോള്‍ പത്ത് വരെയുള്ള ക്ളാസുകളിലേക്ക് മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരവും ഹയര്‍ സെക്കണ്ടറിയില്‍ നാല്‍പ്പത്തയ്യായിരം ഡിജിറ്റല്‍ ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങി. വിദ്യാഭ്യാസ രംഗത്തെ നവീകരണത്തിന് കിഫ്ബിയെ കൂടുതല്‍ ആശ്രയിച്ച് മുന്നോട്ട് പോകാനാണ് വിദ്യഭ്യാസവകുപ്പിന്‍റെ തീരുമാനം.