ലഹരിക്കേസ് പ്രതി തസ്‌ലിമ സുല്‍ത്താന കഞ്ചാവ് വേണോയെന്ന് എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. കളിയാക്കാനെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു, തൊട്ടുപിന്നാലെ ആവശ്യമുണ്ടോ എന്ന് വാട്സാപ്പില്‍ സന്ദേശമയച്ചു. കളിയാക്കിയതെന്ന് കരുതി 'വെയിറ്റ്' എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‍ലീമയെ പരിചയപ്പെട്ടതെന്നും തന്‍റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‍ലീമ എന്നെ വിളിച്ചതെന്നും നടന്‍ വ്യക്തമാക്കി.
അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് തസ്ലീമയുമായുള്ള പരിചയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്.
സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്സൈസിനോട് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയുമായി പിടിയിലായത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്‍റെ മുഖ്യ കണ്ണിയാണ് തസ്ലീമ. വാട്സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖർ അടക്കമുള്ളവരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണിൽ കണ്ടെത്തി.