കാര്യവട്ടം സര്‍വകലാശാല ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ഥിക്ക് കഞ്ചാവെത്തിയിട്ട് ദിവസങ്ങളായില്ല. കോഴിക്കോട് നിന്നും ശ്രീലാല്‍ എന്നയാളുടെ വിലാസത്തില്‍ നിന്നുമാണ് പാഴ്സല്‍ എത്തിയത്. താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും, ഈ പാഴ്സലിനെ സംബന്ധിച്ച് അറിവില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞതോടെ കോളജ് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും പാഴ്സല്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇങ്ങനെ കുറിയറില്‍ നിങ്ങളുടെ പേരില്‍ ലഹരി എത്തിയാല്‍ എന്ത് ചെയ്യും? എന്തൊക്കെ ചെയ്യണമെന്ന് എക്സൈസ് വിശദമാക്കുന്നു.
മേല്‍വിലാസമെഴുതി എത്തുന്ന കവറുകള്‍ക്കകത്ത് എന്താണെന്ന് നോക്കാനുള്ള സംവിധാനം നിലവില്‍ കുറിയര്‍ കമ്പനികള്‍ക്കില്ല. എന്നാല്‍ സംശയം തോന്നുന്ന കവറുകളെ കുറിച്ചും കവറുകള്‍ എത്തിക്കുന്ന ആളുകളെ കുറിച്ചും പൊലീസനെയോ എക്സൈസിനെയോ അറിയിക്കാന്‍ മടിക്കേണ്ടതില്ല. കുറിയര്‍ കമ്പനികളില്‍ സിസിടിവി അനിവാര്യമാണെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കുറിയര്‍ അയയ്ക്കാന്‍ വന്നയാളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണിത്.
കുറിയര്‍ അയച്ച് സഹായമരുത്...
പരിചയമില്ലാത്തവരുടെ കുറിയര്‍ യാതൊരു കാരണവശാലും കമ്പനിയിലേക്ക് അയയ്ക്കുന്നതിനായി വാങ്ങുകയോ കൊണ്ട് പോവുകയോ ചെയ്യരുത്. ആളുകള്‍ പലപ്പോഴും ഇത്തരം കെണിയില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോകാറുണ്ടെന്ന് എക്സൈസ് പറയുന്നു. ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്ത 15 കേസുകള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കുറിയറില്‍ കഞ്ചാവെത്തിയാല്‍ എന്ത് ചെയ്യും?
കുറിയറായെത്തുന്നതില്‍ ലഹരിമരുന്നോ, കഞ്ചാവോ ആണെന്ന് ബോധ്യപ്പെട്ടാല്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലോ , എക്സൈസ് സ്റ്റേഷനിലോ അറിയിക്കുക. 14405 ടോള്‍ഫ്രീ നമ്പരില്‍ വിവരമറിയിക്കാം,കൂടാതെ 9447178000, 9656178000 എന്ന നമ്പരിലോ വിളിച്ചറിയിക്കാം.