വന്യജീവി ആക്രമണം തുടര്‍കഥയാകുമ്പോഴും വയനാട്ടെ ഫെന്‍സിങുകളുടെ കാര്യം ഒട്ടും ആശ്വാസകരമല്ല. ദാസനക്കര നീര്‍വാരത്ത് ഒമ്പതു വര്‍ഷമായിട്ടും പണിതു തീരാത്ത ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് അതിനുദാഹരണമാണ്. ജില്ലയിലെ ഫെന്‍സിങ് ദുരവസ്ഥ തുറന്നുകാട്ടുന്നു.. മനോരമ ന്യൂസ് പരമ്പര നൈസല്ല ഫെന്‍സിങ്.
സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണമുണ്ടായി, മുണ്ടൂരില്‍ ഒരു ജീവന്‍ പൊലിഞ്ഞു. വന്യജീവി ആക്രമണങ്ങളങ്ങനെ നടക്കുമ്പോഴും വയനാട്ടെ പ്രതിരോധ സംവിധാനങ്ങള്‍ക്കൊരു മാറ്റവുമില്ല. നീര്‍വാരത്തു നിര്‍മാണത്തിലിരിക്കുന്ന ക്രാഷ് ഗാര്‍ഡ് ഫെന്‍സിങാണിത്. ദാസനക്കര മുതല്‍ പാല്‍വെളിച്ചം– നെയ്‌ക്കുപ്പ വരെ 12 കിലോമീറ്ററോളം നീളുന്ന എട്ടു കോടിയോളം ചിലവില്‍ നിര്‍മിക്കുന്ന ഫെന്‍സിങ്. ഒമ്പതു വര്‍ഷമായി പ്രദേശവാസികള്‍ പ്രതിഷേധവും പരാതികളുമായി കാത്തിരിക്കുകയാണ്. എന്നിട്ടും പദ്ധതി പൂര്‍ത്തിയാക്കാനായില്ല
ബേലൂര്‍ മഖ്‌ന കാടിറങ്ങി അജേഷിനെ ചവിട്ടികൊന്ന പടമലയിലൂടെ കടന്ന് പോകേണ്ടതും ഈ ഫെന്‍സിങാണ്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും അവിടെയും പണി പൂര്‍ത്തിയാക്കിയില്ല. അതിനിടെ ഫെന്‍സിങിനായി സ്ഥാപിച്ച തൂണുകള്‍ പലതും കാട്ടാനകള്‍ മറിച്ചിട്ടു. നിര്‍മാണത്തില്‍ കരാറുകാരന്‍ ഗുരുതര വീഴ്‌ച വരുത്തിയെന്നും ആരോപണമുയര്‍ന്നു. കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ സൗത്ത് വയനാട് ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഫെന്‍സിങ് പണി തുടങ്ങിയതു മുതല്‍ ഈ സമയം വരെ വയനാട്ടില്‍ മാത്രം പത്തോളമാളുകള്‍ വന്യജീവി ആക്രമണത്തിനിരയായിട്ടുണ്ട്. ഫെന്‍സിങിനു വെച്ച കാലുകള്‍ക്കിടയിലൂടെ കഴിഞ്ഞ ദിവസവും കാട്ടാനക്കൂട്ടമെത്തി. നടവയലിലും നീര്‍വാരത്തുമെല്ലാം വ്യാപകമായി കൃഷി നശിപ്പിച്ചു. എന്നിട്ടും അധികൃതര്‍ക്ക് ഉണരാനായിട്ടില്ല. വയനാട്ടെ നൈസല്ലാത്ത ഫെന്‍സിങ് കഥക്കൊരു ഉദാഹരണം മാത്രമാണിത്.