സുരേഷ് ഗോപിക്കെതിരെ പരിഹാസം തുടര്‍ന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. കമ്മീഷണര്‍ സിനിമയ്ക്ക് ശേഷം പൊലീസ് തൊപ്പി കാറില്‍ കൊണ്ട് നടക്കുക മാത്രമല്ല, പൊലീസ് യൂണിഫോം അണിഞ്ഞ് പൊതുപരിപാടിയില്‍ പങ്കെടുത്ത് വിവാദമായിട്ടുണ്ടെന്നും ഗണേഷ്കുമാര്‍. സില്‍ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തില്‍ വച്ചതായി കേട്ടിട്ടുണ്ട്. അതുപോലെയാണ് സുരേഷ് ഗോപിയുടെ തൊപ്പിയും. ആ തൊപ്പി കയ്യിലുണ്ടെങ്കില്‍ ലേലത്തില്‍ വെച്ചാല്‍ നല്ല പണം കിട്ടും. സുരേഷ് ഗോപിയെ പരിഹസിച്ചതിന്‍റെ പേരില്‍ തന്‍റെ വീട്ടിലേക്ക് എന്തിനാണ് മാര്‍ച്ച് നടത്തിയതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
തമാശയെ പോലും വൈരാഗ്യബുദ്ധിയോടെ കാണുന്നവരെ ഒന്നുംചെയ്യാനാകില്ലെന്നും കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചത് നന്നായി അല്ലെങ്കില്‍ ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നേനെ എന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
ആര്‍ക്കും ആരെയും വ്യക്തിഹത്യ ചെയ്യാം എന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. അതൊക്കെ ഗൗരവമായി എടുത്തിരുന്ന കാലം പോയി. പണ്ടുകാലത്ത്, വ്യക്തിഹത്യ ഏല്‍ക്കേണ്ടി വന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിട്ടുള്ള ആളുകളുണ്ട് നമ്മുടെ നാട്ടില്‍. ഇപ്പോള്‍ അതല്ല സ്ഥിതി. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള രോഗികളുടെ അധിക്ഷേപത്തിന് ഇരയാകുമെന്നും മന്ത്രി പറഞ്ഞു.