File Photo
സംസ്ഥാനത്തെ ഹോട്ടലുകള്‍ തോന്നുംപടി വില ഈടാക്കുമ്പോള്‍ സാധാരണക്കാരന് കുറഞ്ഞവിലയ്ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയ ഹോട്ടല്‍ പദ്ധതി പാളി. സബ്സിഡി ഇല്ലാതാക്കിയതും ഊണിന് 35 രൂപ നിശ്ചയിച്ചതും പദ്ധതിയുടെ താളം തെറ്റിച്ചു. ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലക്ഷങ്ങളുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. വാടകയും വൈദ്യുതി ബില്ലും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നല്‍കിയില്ല.
സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ 20 രൂപയ്ക്ക് ഊണ് ചരിത്രമായി. 35 രൂപയാണ് ഇപ്പോഴത്തെ വില. സര്‍ക്കാരിന്റെ താങ്ങില്ലാതെ കുടുംബശ്രീയിലെ അമ്മമാര്‍ രുചിയൂറുന്ന മൂന്നു കൂട്ടം കറിയും അച്ചാറും സഹിതം ഊണുനല്‍കുന്നത് തന്നെ അത്ഭുതമാണ്. ഉണ്ടായിരുന്ന ജനകീയ ഹോട്ടലുകളില്‍ പകുതിയിലേറെ പൂട്ടിപ്പോയി. വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു.
2019– 20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച 'വിശപ്പു രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്താണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്സലിന് 25 രൂപയും നിരക്കിലാണ് ജനകീയ ഹോട്ടലുകളിൽ ഭക്ഷണം നൽകിയിരുന്നത്. 10 രൂപ വീതം ഒരു ഊണിന് സർക്കാർ പ്രഖ്യാപിച്ച സബ്സിഡിയാണ് കാലങ്ങളായി കുടിശികയായിരിക്കുന്നത്.