കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ കെ. രാധാകൃഷ്ണന്‍ എംപിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഇഡി. ഈ മാസം അവസാനത്തോടെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇഡി നീക്കം. ഉന്നത നേതാക്കളടക്കം ഒരു ഡസനിലേറെ സിപിഎം നേതാക്കള്‍ കേസിൽ പ്രതികളാകുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.സി മൊയ്തീൻ, എം.കെ.കണ്ണൻ, എം.എം.വർഗീസ് എന്നിവരെ പലഘട്ടങ്ങളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. സ്ഥാപനങ്ങളും വ്യക്തികളുമടക്കം 56 പേരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികൾ. സിപിഎമ്മിന്റെതടക്കം 128 കോടിയുടെ സ്വത്തുക്കളാണ് കേസിൽ ഇഡി കണ്ടുകെട്ടിയിട്ടുമുണ്ട്.
എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. രാധാകൃഷ്ണനെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഇഡി എത്തിയത്. ബാങ്കില്‍ നടന്ന ക്രമക്കേടുമായി ഒരുതരത്തിലുള്ള ബന്ധമില്ലെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കി. കരുവന്നൂര്‍ ബാങ്കില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ടില്ലെന്നും രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷണന്‍. കരുവന്നൂരില്‍ നിന്ന് അനധികൃത ലോണിലൂടെ തട്ടിയെടുത്ത പണത്തിന്‍റെ വിഹിതം സിപിഎം പാര്‍ട്ടി അക്കൗണ്ടുകളിലേക്കെത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് അനധികൃത ലോണുകള്‍ അനുവദിച്ചിരുന്നതെന്ന് ഇഡിക്ക് മൊഴിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തതത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ദിവസങ്ങള്‍ മുന്‍പേ രാധാകൃഷ്ണന്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങളടക്കം ഇഡിക്ക് കൈമാറിയിരുന്നു.