police-attack

മലപ്പുറം എരമംഗലത്ത് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തി എന്ന പരാതിയുമായി വിദ്യാർഥികളുടെ കുടുംബവും രംഗത്ത്.  വിദ്യാർത്ഥികളെ വീട്ടിൽ കയറി വലിച്ചിറക്കി കൊണ്ട് പോയി പെരുമ്പടപ്പ് പൊലീസ് ക്രൂരമായി മർദിച്ചതായി സിപിഎം ആരോപിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞദിവസം ഉത്സവത്തിനിടയുണ്ടായ സംഭവത്തിന്റെ പേരിൽ പൊലീസ് വീട്ടിൽ കയറി വിദ്യാർത്ഥികളെ വലിച്ചിറക്കി കൊണ്ടുപോയി ഉപദ്രവിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. പെരുമ്പടപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം എരമംഗലം നേതൃത്വം മുഖ്യമന്ത്രിക്കടക്കം പരാതി നൽകി.  പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടാത്തതിൽ പ്രതികാര ബുദ്ധിയോടെയായിരുന്നു  നടപടിയെന്ന്  സിപിഎം ആരോപിച്ചു. 

വിദ്യാർത്ഥികളെ ലാത്തികൊണ്ട് പല്ല് അടിച്ചു തകർത്തു. പുറത്തും, നെഞ്ചിലും അടിച്ചു പരുക്കേൽപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു. കാറിൽ കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു മർദ്ദനമെന്നും വിദ്യാർഥികളുടെ രക്ഷിതാക്കൾ ആരോപിച്ചു. അതേസമയം വിദ്യാർത്ഥികളെ മർദിച്ചിട്ടില്ലെന്നും രാവിലെ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

ENGLISH SUMMARY:

Malappuram Eramangalam: Families of the students have come forward with complaints of police brutality against the students. The CPM had earlier alleged that the Perumpadappu police forcibly entered homes, dragged the students out, and brutally assaulted them. The relatives' allegations have emerged following this.