half-price

TOPICS COVERED

പാതിവിലതട്ടിപ്പുകേസില്‍  പ്രതികളായ ആനന്ദകുമാറിനും  അനന്തു കൃഷ്ണനെതിരെയും  കോഴിക്കോട് കോടഞ്ചേരിയിലും കേസ്. ഗ്രാമശ്രീ മിഷനിലെ ഗുണഭോക്താക്കളായ വനിതകള്‍ക്ക്  പാതിവിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ്  ഒരു കോടി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 

ഗ്രാമശ്രീ മിഷന്‍ ചെയര്‍മാനായ ജോയ് നെടുമ്പള്ളി വഴിയാണ്  216 സ്ത്രീകള്‍ സ്കൂട്ടറും ലാപ്‍ടോപ്പും പാതിവിലയ്ക്ക് കിട്ടുമെന്ന് വിശ്വസിച്ച് ഡിസംബറില്‍ പണം നല്‍കിയത്.  എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്കൂട്ടര്‍ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണന്ന് മനസിലായത്. 

130 സ്കൂട്ടറുകളും 86 ലാപ്‌ടോപുകളുമാണ്  വാഗ്ദാനം ചെയ്തത്.  പ്രതികളുടെ നാല് അക്കൗണ്ടുകളിലായി മൂന്നുതവണയായി ജോയ് തന്നെയാണ് പണം ട്രാന്‍സഫര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പണം വാങ്ങിയത് ജോയ് നെടുമ്പള്ളിയായതിനാല്‍ ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം. 

ജോയ് നല്‍കിയ പരാതിയിലാണ് ആനന്ദകുമാറിനും അനന്തുകൃഷ്ണനെതിരേയും  കോടഞ്ചേരി  പൊലീസ് കേസെടുത്തത്. ജോയിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചെങ്കിലും യഥാര്‍ഥ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പിരിഞ്ഞുപോകുകയായിരുന്നു  

ENGLISH SUMMARY:

A case has been registered in Kozhikode's Kodanchery against Anandakumar and Ananthu Krishnan, accused in a subsidy scam. The complaint alleges that they cheated beneficiaries of the Gramasree Mission, mostly women, by promising scooters at half price and swindled ₹1.07 crore.