പാതിവിലത്തട്ടിപ്പുകേസില്‍ ജാമ്യം തേടിയുള്ള സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാതിവില തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. സിഎസ്ആർ ഫണ്ട് ലഭിക്കുന്നു എന്ന് ഉറപ്പാക്കാതെ എന്തുകൊണ്ടാണു പാതിവിലയ്ക്കു സ്കൂട്ടറും ലാപ് ടോപ്പുമൊക്കെ നൽകാമെന്നു വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ തുടർന്നതെന്ന് കേസ് പരിഗണിക്കവേ ആനന്ദകുമാറിനോട് കോടതി ആരാഞ്ഞിരുന്നു. എന്നാൽ സിഎസ്ആർ ഫണ്ട് ലഭിക്കില്ലെന്നു മനസ്സിലായതു പിന്നീടാണെന്നും തുടർന്നു പിന്മാറിയെന്നും ഹർജിക്കാരൻ അറിയിച്ചു. എൻജിഒ കോൺഫെഡറേഷന്റെ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നല്ലോ എന്നും കോടതി ചോദിച്ചു.
സംസ്ഥാനത്തെങ്ങും സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്കൂട്ടര്‍, തയ്യല്‍ മെഷീന്‍ ലാപ്ടോപ് എന്നിവ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സാധാരണക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.