തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങിയതിന് എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ. കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന അരവിന്ദ രാജയുടെ പരാതിയിലാണ് എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റെ വിധി. വിമാനമാറ്റം സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാണ് പിഴ.
2018 ഏപ്രിലിൽ തിരുപ്പതി ക്ഷേത്ര ദർശനത്തിനായാണ് പരാതിക്കാരനും കുടുംബവും ഇൻഡിഗോ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ യാത്രയുടെ തലേന്ന്, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടർന്ന് യാത്ര മുടങ്ങി. ഇതുമൂലമുണ്ടായ സാമ്പത്തിക മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി.
ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാൽ പരാതിക്കാരനും കുടുംബവും ബുദ്ധിമുട്ടിയതായി ഉപഭോക്തൃ കമ്മീഷൻ വിലയിരുത്തി. എയർലൈൻസിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20,000 രൂപയും, കോടതി ചിലവിനത്തിൽ 6,000 രൂപയും മുപ്പത് ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉത്തരവ്.