പഠിച്ച് പരീക്ഷയെഴുതിപ്പോയെന്ന തെറ്റിന് ഏത്തമിട്ട് വനിതാ സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ. സമരപ്പന്തലിൽ കുഴഞ്ഞുവീണ ഉദ്യോഗാർഥിയെ പൊലീസ് ആംബുലൻസ് എത്താത്തതിനെ തുടർന്ന് രമേശ് ചെന്നിത്തലയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കെ അവസാന നിമിഷം സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
ഒന്നല്ല നൂറ് ഏത്തമിട്ടു. സർക്കാരിനെതിരെ അല്ല , പോലീസുകാരിയാകാൻ പഠിച്ച് പരീക്ഷ എഴുതിപ്പോയ തെറ്റിന് ' കൈയ്യിൽ കർപ്പൂരം വച്ച് കത്തിച്ചതിന്റെയും മുട്ടിലിഴഞ്ഞതിൻ്റെ മുറിപ്പാടുകൾ ഇവരുടെയൊക്കെ ശരീരത്തിൽ മാത്രമല്ല മനസ്സിലുമുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർഥികൾ. സമരപ്പന്തലിൽ എത്തിയ രമേശ് ചെന്നിത്തല, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പു നൽകി. ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ, തൃശ്ശൂർ സ്വദേശിനിയായ ഉദ്യോഗാർത്ഥി സി എസ് ഹനീന കുഴഞ്ഞുവീണു. പൊലീസ് വാഹനം എത്താൻ 10 മിനിറ്റിലേറെ എടുത്തതോടെ ഹനീനയെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രമേശ് നിർദ്ദേശിച്ചു.