എംഎയും എംഎസ്സിയും എംകോമും ബി.എഡ്ഡും. സെക്രട്ടേറിയറ്റിന് മുൻപിൽ സമരമിരിക്കുന്ന വനിതാ സിപിഒമാരുടെ കൈകളിൽ ബിരുദങ്ങൾക്ക് ഒരു കുറവുമില്ല. കാക്കി അണിയാനുള്ള സ്വപ്നവുമായി പ്രായപരിധിയിൽ തട്ടി നിൽക്കുന്ന ഒരുകൂട്ടം ആളുകളുടെ അവസാനപ്രതീക്ഷയാണ് ഈ റാങ്ക് പട്ടിക.
വേറിട്ട സമരമുറകൾ കൊണ്ട് ശ്രദ്ധേയമായ ഒന്നാണ് വനിത സി.പി.ഒ റാങ്ക് ജേതാക്കളുടെ സമരം. പ്ളസ് ടു യോഗ്യതയായ പരീക്ഷയുടെ റാങ്ക് പട്ടികയിലുള്ളവരുടെയെല്ലാം കൈകകളിലുണ്ട് ബിരുദാനന്തരങ്ങൾ. പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽ എംഎസ്സി മറീൻ ബയോളജി രണ്ടാം റാങ്കോടെ പാസായതാണ് കോഴിക്കോട് സ്വദേശിനിയായ പി.എസ്. അനവദ്യ. കാക്കി അണിഞ്ഞുള്ള വ രുമാനത്തിൽ നിന്ന് വേണം അനവദ്യയ്ക്ക് ഉന്നതപഠനത്തിന് ചിറകുവിരിക്കാൻ.
എംഎസ്സി ബി.എഡുകാരിയായ കണ്ണൂർകാരി ദിവ്യ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. എല്ലാം ഉപേക്ഷിച്ചാണ് ഇതിനായി കഠിനപ്രയത്നം നടത്തിയത്. ഏഴ് വയസുള്ള മകളുടെ അമ്മയായ കോഴിക്കോട്ടുകാരി അനുപമ കായികപരീക്ഷണങ്ങളുടെ കടമ്പ കടന്നത് ഏറെ പ്രയത്നിച്ചാണ്. കണക്കു പഠിച്ച അനുപമ കണക്കുപിഴയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. ഇവർ എല്ലാം റാങ്ക് പട്ടികയിൽ 300നും 350നും ഇടയിലുള്ളവരാണ്. 2019ലെ പട്ടികയിൽ 815 പേരെ നിയമിച്ചപ്പോൾ ഇവരുൾപ്പെട്ട പട്ടികയിലെ 264 പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. പിന്നെ എങ്ങനെ സമരം ചെയ്യാതിരിക്കും.