മലപ്പുറം എടപ്പാളില്‍ കാറിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുത്തപ്പോള്‍ കുഞ്ഞിനെ ഇടിച്ചാണ് അപകടമുണ്ടായത്. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര് ആണ് മരിച്ചത്.
പിന്നോട്ടെടുത്ത കാര്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്തു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്തു നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുറ്റത്തു നിന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോമാറ്റിക് കാറാണ് അപകടത്തിനിടയാക്കിയത്. വണ്ടി പുറകോട്ടെടുത്തയുടന്‍ അതിവേഗത്തില്‍ നീങ്ങിയതാണ് അപകടത്തിനു കാരണമായത്. പിറകില്‍ നിന്നവര്‍ക്ക് വശത്തേക്ക് മാറാനുള്ള സാഹചര്യം പോലുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ദേഹത്തുകയറിയാണ് കാര്‍ നീങ്ങിയത്. അപകടത്തിനുപിന്നാലെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.