shine-tom-cocaine

നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ടിരുന്ന കൊക്കെയ്ന്‍ കേസില്‍ പിഴവുകള്‍ നിരത്തി വിചാരണക്കോടതി. നടപടി ക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും വിചാരണക്കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കൊക്കെയ്ന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കാനോ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ലെന്നും കോടതി വിശദീകരിക്കുന്നു. വനിത പ്രതികളെ  പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഷൈന്‍ ടോമിന് പുറമെ ആഫ്രിക്ക സ്വദേശിയായ ഒക്കാവ കോളിൻസ്, ചെന്നൈയിൽ താമസിക്കുന്ന ജസ്ബീർ സിങ്, കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബെംഗളൂരു മലയാളിയായ ബ്ലെസി സിൽവസ്റ്റർ, കോട്ടയം സ്വദേശി സ്നേഹ ബാബു, കൊല്ലം സ്വദേശി ടിൻസി ബാബു എന്നിവരെയാണ് വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയത്.  2015 ജനുവരി 31നാണു കുറ്റകൃത്യം നടന്നത്. ഇടത്തരം അളവിൽ കൊക്കെയ്ൻ കൈവശം വച്ച കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

കേരള പൊലീസിന് തലവേദനയായ കേസായിരുന്നു കടവന്ത്ര കൊക്കെയ്ൻ കേസ്. പ്രതികളായ യുവതികളും കോളിൻസും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുമിച്ചു നിൽക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഗോവയിൽ നിന്നു കോളിൻ‌സിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ചെന്നൈ സ്വദേശികളായ പൃഥ്വിരാജ്, ജസ്ബീർ എന്നിവരെ കൂടി പ്രതി ചേർത്തത്. എന്നാൽ ലാബ് പരിശോധനാ ഫലങ്ങളും അന്വേഷണത്തിലെ നടപടി ക്രമങ്ങളിലെ വീഴ്ചകളും പ്രതിഭാഗത്തിന് അനുകൂലമായി. ലഹരിമരുന്നു കേസുകളുടെ അന്വേഷണത്തിൽ പൊലീസിനു പതിവായി സംഭവിക്കുന്ന വീഴ്ചകൾ ഈ കേസിലും സംഭവിച്ചതായി ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിസ്താരത്തിൽ പ്രോസിക്യൂഷനു പ്രതികൾ ചെയ്ത കുറ്റം സംശയ രഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ല.

ENGLISH SUMMARY:

Trial court criticizes investigation in Shine Tom Chacko's cocaine case for not following proper procedures, failing to verify drug use, and not involving women officers to examine female accused.