prasanth-sarada-murali

ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ എന്‍.പ്രശാന്ത് ഐഎഎസ് വീണ്ടും. ഹിയറിങിന്‍റെ ലൈവ് സ്ട്രീമിങും വിഡിയോ  റെക്കോര്‍ഡിങും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിന്‍മാറിയതാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് ആരോപിക്കുന്നു. ചീഫ്  സെക്രട്ടറിയുടെ രണ്ട് നോട്ടിസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്‍റെ കുറിപ്പ്. വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിങിന് ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. ഈ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നും വിഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. 

ഏഴു വിചിത്ര രാത്രികള്‍ എന്ന പേരില്‍ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: '10.02.2025 ന്‌ നൽകിയ കത്തിൽ ഹിയറിങ് റെക്കോർഡ്‌ ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്‌. ഈ ആവശ്യം 04.04.2025 ന്‌ പൂർണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന്‌ അത്‌ പിൻവലിച്ചു. ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല. 

എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത്‌ ആവശ്യം വിചിത്രമാണെന്നാണ്‌. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത്‌ ആർക്കാണിത്‌ വിചിത്രം? ‌ഒന്നറിയാനാണ്‌. ആളിന്‌ പേരില്ലേ? എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ്‌ ഞാൻ അറിയുന്നത്‌. സ്ട്രീമിങ് അനുവദിച്ച ആദ്യ ഉത്തരവ്‌ കാണാത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത്‌ അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട്‌ മനസ്സിലാകാത്തതും ആവാം). നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.'

ENGLISH SUMMARY:

IAS officer N. Prasanth alleges that Kerala Chief Secretary Sharada Muraleedharan initially agreed to live stream his departmental hearing, but later withdrew consent. Prasanth shared official notices to back his claim.