naveen-supreme

TOPICS COVERED

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  കുടുംബം സുപ്രീം കോടതിയില്‍.  നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂട്ടിക്കാട്ടി ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്.  മരണത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.  മരണം ആത്മഹത്യയാണെന്ന നിഗമനത്തിനപ്പുറം പൊലീസ്  നരഹത്യാ സാധ്യത കണക്കിലെടുത്ത് അന്വേഷണം നടത്തുന്നില്ല.  കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോയെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നില്ല.  ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈരുധ്യമുണ്ട്.  ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിന് വിശ്വാസമില്ല. അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  

കേസിലെ പ്രതി പി.പി.ദിവ്യക്ക് ഉന്നത സ്വാധീനമുണ്ടെന്നും നേരത്തെ ഹൈക്കോടതിയില്‍ കുടുംബം ആരോപിച്ചിരുന്നു.  അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളിയത്.

ENGLISH SUMMARY:

The family of Naveen Babu has approached the Supreme Court demanding a CBI probe into his death. Alleging lapses in the current investigation, they seek a transparent and impartial inquiry to uncover the truth behind the incident.