തൃശൂർ പാലിയേക്കര ടോൾപ്ലാസയിലെ ജീവനക്കാരെ മദ്യ ലഹരിയിൽ ഒരു സംഘം കാർ യാത്രികർ കയ്യേറ്റം ചെയ്തു. ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യാത്രക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം അറിയാതെയാണ് പൊലീസ് തങ്ങളെ മർദിച്ചതെന്ന് കാർ യാത്രക്കാരും ആരോപിച്ചു.
ഞായറാഴ്ച വെളുപ്പിനെയാണ് പാലിയേക്കര ടോൾപ്ലാസയിലെത്തിയ കാർയാത്രക്കാർ, ടോൾബൂത്ത് കടന്നതിനു ശേഷം ട്രാക്കിൽ കാർ നിർത്തി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. സ്ഥലത്ത് പൊലീസ് എത്തിയതോടെ ഇവർ കാറുമായി കടന്നുകളഞ്ഞുവെന്നും കാർയാത്രക്കാർ മദ്യലഹരിയിലാണ് കയ്യേറ്റത്തിനു ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
വാഹന നമ്പർ ഉപയോഗിച്ച് ഉടമയുമായി ബന്ധപ്പെടുകയും സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ്. അതേസമയം, ടോള്‍പ്ലാസയില്‍ വെച്ച് പൊലീസ് തങ്ങളെ മര്‍ദിച്ചതായി ആരോപിച്ച് കാർ യാത്രക്കാരനായ പെരുമ്പാവൂര്‍ സ്വദേശി സിദ്ധാര്‍ഥ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഫാസ്ടാഗിലൂടെ ടോള്‍ നല്‍കി മുന്നോട്ടെടുത്തപ്പോൾ കാര്‍ ഓഫായി. വീണ്ടും മുന്നോട്ടെടുത്തപ്പോൾ രണ്ടാം തവണയും ടോള്‍ ഈടാക്കിയെന്നാണ് സിദ്ധാര്‍ഥന്റെ ആരോപണം. തുടർന്ന് ജീവനക്കാരുമായി തർക്കത്തിലായപ്പോൾ സംഭവം അറിയാതെ എത്തിയ പൊലീസ് മൊബൈല്‍ ഫോണ്‍ വാങ്ങി എറിയുകയും വഴിയിലിട്ട് മര്‍ദിക്കുകയും ചെയ്തുവെന്നാണ് സിദ്ധാര്‍ഥ് ആരോപിക്കുന്നത്. കൂടെയുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും പൊലീസ് മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തിൽ കാർ യാത്രക്കാർക്കെതിരെ പൊലീസ് കേസെടുത്തു.