വയനാട് നടവയലിൽ ശക്തമായ കാറ്റിൽ കോഴിഫാം പൂർണ്ണമായി തകർന്നു. പുഞ്ചക്കുന്ന് സ്വദേശി ജോബിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോവുകയും 3500 ഓളം കോഴിക്കുഞ്ഞുങ്ങൾ ചാവുകയും ചെയ്തു. തൊട്ടടുത്ത ക്വാട്ടേഴ്സിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും കാറ്റിൽ തകർന്നു. കൂടാതെ, മരം കടപുഴകി വീണ് തറപ്പേൽ രോഹിണിയുടെ വീടിനും നാശനഷ്ടം സംഭവിച്ചു. പലയിടത്തും വൈദ്യുതി ബന്ധവും താറുമാറി.
അതേസമയം, എറണാകുളം ജില്ലയുടെ മലയോര മേഖലയിലും ശക്തമായ മഴയും കാറ്റും നാശം വിതച്ചു. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ മണക്കാട് മേഖലയിൽ കനത്ത മഴയും ശക്തമായ കാറ്റും വ്യാപകമായ കൃഷിനാശത്തിനും മരങ്ങൾ കടപുഴകി വീഴുന്നതിനും കാരണമായി.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തൊടുപുഴ മണക്കാട് വീശിയടിച്ച കാറ്റിലും മൂന്ന് മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിലും വാഴയും കപ്പയുമടക്കമുള്ള കൃഷി നശിച്ചു. വരും മണിക്കൂറുകളിൽ മഴ ശക്തമാകാനുള്ള സാധ്യത മുൻനിർത്തി മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏഴുമണിവരെ ഒാറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഒരുമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.