അതിരപ്പിള്ളിയില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീശും അംബികയുമാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവില്‍ കുടില് കെട്ടി താമസിക്കുകയായിരുന്നു ഇരുവരും. ആനക്കൂട്ടം വന്നപ്പോള്‍ ഇവര്‍ ചിതറിയോടി. കുടിലില്‍ സൂക്ഷിച്ച അരിയടക്കം ചിതറിക്കിടക്കുകയാണ്. പുഴയില്‍ നിന്നാണ് അംബികയുടെ മൃതദേഹം കിട്ടിയത്. അതിനിടെ മരണം കാട്ടാന ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാതെ വനംവകുപ്പ്. സതീശിന്‍റെ മൃതദേഹം കിട്ടിയത് സംശയാസ്പദമായ സാഹചര്യത്തിലെന്നും വനംവകുപ്പ്.
രണ്ടുദിവസത്തിനിടെ കാട്ടാനക്കലിയില്‍ മൂന്നുപേര്‍ക്കാണ് പ്രദേശത്ത് ജീവന്‍ നഷ്ടമായത്. മലക്കപ്പാറയില്‍ ഇന്നലെ കാട്ടുതേനെടുക്കാന്‍ പോയ ഇരുപതുകാരനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് കൊന്നിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടിരക്ഷപെട്ട് പുറത്തെത്തി വിവരമറിയിച്ചതോടെയാണ് വനംവകുപ്പ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്തത്.