റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ നാളത്തെ മന്ത്രിസഭ യോഗമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന വനിത സി.പി.ഒ റാങ്ക് ജേതാക്കളുടെ അവസാന പ്രതീക്ഷ. മന്ത്രിസഭ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കഷ്ടപ്പെട്ട് പഠിച്ച് നേടിയ റാങ്കും രണ്ടാഴ്ചയായി തുടരുന്ന സഹന സമരവുമെല്ലാം വൃഥാവിലാകും. അങ്ങനെ സംഭവിച്ചാല്‍ തകരുന്നത് പാവപ്പെട്ട ഉദ്യോഗാര്‍ഥികളുടെയും കുടുംബങ്ങളുടെയും ജീവിത സ്വപ്നങ്ങളായിരിക്കും.
അതേസമയം സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ സമരം അനിശ്ചിതമായി നീളാൻ സാധ്യത. നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ ആനുകൂല്യങ്ങൾ പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയിൽ വരുമെന്ന കാരണത്താൽ സമരം അവസാനിപ്പിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം ശക്തമായി തുടരാനാണ് ആശാ വർക്കർമാരുടെ നീക്കം. ആശാ സമരം തിരഞ്ഞെടുപ്പ് വിഷയമാകുമെന്നും അവർ കണക്ക് കൂട്ടുന്നു. സമരം ഇന്ന് അറുപത്താറാം ദിവസത്തിലേയ്ക്ക് കടന്നു.