എരുമേലി കണമലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം. അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ബസ്സിന് തകരാർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. രാവിലെ ആറേകാലോടെ ആയിരുന്നു അപകടം. കർണാടക കാവേരി ജില്ലയിലെ ഹംഗൽ സ്വദേശികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. 59 വയസ്സുള്ള മാരുതി ഹരിഹർ ആണ് മരിച്ചത്.
മറ്റ് അഞ്ചുപേർക്ക് ഗുരുതരമായ പരുക്കുണ്ട്. ഒരു 14 വയസ്സുകാരന്റെ കൈ വിരലുകൾ അറ്റുപോയി. സ്ഥിരം അപകടമേഖലയായ അട്ടിവളവിൽ നിയന്ത്രണം വിട്ട ബസ് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബസ്സ് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. ബസ്സിന് തകരാർ ഉണ്ടായിരുന്നതായും വർഷോപ്പ് അന്വേഷിച്ച് വന്നതായും സമീപത്തെ വ്യാപാരി പറഞ്ഞു. ആന്റോ ആന്റണി എം.പി. സ്ഥലം സന്ദർശിച്ചു. മാസ പൂജാ കാലത്തും പൊലീസിനെ നിയോഗിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. 32 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഗുരുതര പരുക്കില്ലാത്തവർക്ക് പോകാൻ മറ്റൊരു ബസ് ക്രമീകരിച്ചു.