കണ്ണൂരിൽ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപെട്ടവർക്ക് സിപിഎമ്മിന്‍റെ  രക്തസാക്ഷി സ്മാരകം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർക്കാണ് പാര്‍ട്ടി സ്മാരകം നിർമിച്ചത്. ഇരുവരും കൊല്ലപ്പെട്ടപ്പോൾ തളളി പറഞ്ഞ സിപിഎമ്മാണ് ഇപ്പോൾ സ്മാരകം നിർമിച്ചിരിക്കുന്നത്. ബുധാനാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  സ്മാരകം ഉദ്ഘാടനം ചെയ്യും. 

 

2015 ജൂൺ 6 ന് നാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടി കാക്കറോട്ട് ആളൊഴിഞ്ഞ കുന്നിൻ മുകളിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെ ചെറ്റക്കണ്ടിയിലെ ഷൈജുവും സുബീഷും കൊല്ലപ്പെടുന്നത്. നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ഇരുവർക്കും സിപിഎം ബന്ധമില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.

 

അതേസമയം കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനാണ്. 2016 ഫെബ്രുവരിയിൽ രക്തസാക്ഷി മന്ദിരത്തിനുള്ള ധനാസമാഹരണവും തുടങ്ങി, എല്ലാ വർഷവും ജൂൺ 6 ന് ഇരുവരുടെയും രക്തസാക്ഷിത്വ ദിനമായും ആചരിച്ചു.

 

ഇതിന് സിപിഎം നൽകിയ വിശദീകരണം ഇരുവരും ആർഎസ്എസിനെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടുവെന്നാണ്. കഴിഞ്ഞ മാസം അഞ്ചാം തീയതി പാനൂരിൽ ഉണ്ടായ ബോംബ് സ്ഫോനത്തിൽ യാതൊരു പങ്കുമില്ലെന്ന് സിപിഎം പറയുന്നതിനിടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തന്നെ എത്തിച്ച് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യിക്കുന്നത്.

ENGLISH SUMMARY:

CPM built memorial for those killed while making bombs in Kannur