സര്‍ക്കാര്‍ മദ്യനയത്തിന്‍റെ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. പണപ്പരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവണത സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പണപ്പിരിവ്. എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് മന്ത്രിക്ക് കൃത്യമായ മറുപടിയില്ല.
ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഉടൻ രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംസ്ഥാനത്തെ 900 ബാറുകളിൽ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം രൂപ പിരിക്കുന്നത് ബില്‍ഡിങ് ഫണ്ടിനായെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍. മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിനായി കോഴയായി നല്‍കുന്ന പണമാണിതെന്ന അനിമോന്‍റെ വാദം തള്ളിയാണ് സുനില്‍കുമാര്‍ മാധ്യമങ്ങളെ കണ്ടത്. അനിമോന്‍ ഉള്‍പ്പടെ ചിലര്‍ സംഘടനയ്ക്കെതിരായി പ്രവര്‍ത്തിക്കുകയാണ്. അനിമോനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നലെ തീരുമാനിച്ചെന്നും സുനില്‍കുമാര്‍ വെളിപ്പെടുത്തി. ബാറുടമകളില്‍ നിന്നും വായ്പയായാണ് പണം വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.