വിവാദ പരസ്യത്തില്‍ പുതിയ വിശദീകരണവുമായി സിപിഎം. സുപ്രഭാതത്തിലും സിറാജിലും ഫു‍ള്‍ പരസ്യം നല്‍കിയത് റേറ്റ് കുറഞ്ഞതിനാലാണ്. ആകെ നാല് പത്രങ്ങള്‍ക്ക് പരസ്യം നല്‍കിയെന്ന്   മന്ത്രി എം.ബി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Read Also: 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം'; സന്ദീപിനെ 'കുത്തി' എല്‍ഡിഎഫ് പരസ്യം; വിവാദം

വോട്ടെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയര്‍ വിഷയമുയര്‍ത്തി രണ്ട് മുസ്‌‌ലിം സംഘടനകളുടെ പത്രങ്ങളില്‍ മാത്രം എല്‍.ഡി.എഫിന്റെ പരസ്യം വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണം. വര്‍ഗീയ പരാമര്‍ശങ്ങള്‍ നിറഞ്ഞ പരസ്യത്തിന് തിരഞ്ഞെടുപ് കമ്മീഷന്റെ അനുമതിയില്ലെന്ന വിവരവും പുറത്തുവന്നു. സന്ദീപ് പറയാത്തതൊന്നും പരസ്യത്തിൽ ഇല്ലെന്നാണ് സി.പി.എം ന്യായീകരണം. വിവാദമായതോടെ പരസ്യത്തെ തള്ളി സമസ്തയും രംഗത്തെത്തി.  

സമസ്തയുടെയും എ.പി വിഭാഗത്തിന്റെയും മുഖപത്രങ്ങളിലാണ് വിവാദ പരസ്യം പ്രത്യക്ഷപെട്ടത്. ബിജെപിയിൽ ആയിരിക്കെ സന്ദീപ് നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുടെ സമൂഹ മാധ്യമ സ്ക്രീൻ ഷോട്ടുകളാണ് പരസ്യ രൂപത്തിലെത്തിയത്.  അര പേജ്  സന്ദീപിനായി നീക്കിവച്ച പരസ്യത്തിന്റെ കൂടെ   ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടമെന്ന ഹെഡ് ലൈനുമുണ്ട്.  ഏത് പരസ്യം എവിടെ നൽകണമെന്നത് എൽ ഡിഎഫിന്റെ സ്വതന്ത്ര്യമാണന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിക്കുന്ന മന്ത്രി എം.ബി രാജേഷ് നേരത്തെ ന്യായീകരിച്ചത്.

പരസ്യം വന്നത് മുസ്ലിം പത്രമാണോ എന്നത് അറിയില്ലന്ന് പറഞ്ഞ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ഒഴിഞ്ഞു മാറി. 

വിവാദമായതിന് പിന്നാലെ പരസ്യം പരിശോധിക്കാൻ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ നിർദേശിച്ചു. പരസ്യത്തിന് തിരഞ്ഞെടുപ്പ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല.  ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി.എഫ് പരസ്യം നൽകിയതായിരുന്നു ലീഗ്– സമസ്ത പോരിന്റെ കാരണങ്ങളിൽ ഒന്ന്. സമാന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ജിഫ്രി മുത്തുകോയ തങ്ങൾ  വാര്‍ത്താക്കുറിപ്പിറക്കിയത്. തിരഞ്ഞടുപ്പിൽ സമസ്ത നിലപാട് സ്വീകരിക്കുന്ന രീതിയില്ലെന്നും പരസ്യത്തിലെ ഉള്ളടക്കവുമായി ബന്ധമില്ലന്നും സമസ്ത  കുറിപ്പിൽ വിശദീകരിച്ചു.

ENGLISH SUMMARY:

Advertisements were placed in two daily due to low ratings:cpm