ശക്തന്‍ തമ്പുരാന്റെ തട്ടകമായിരുന്ന തൃശൂരില്‍ ആരു ശക്തി തെളിയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് തട്ടകക്കാര്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ തൃശൂര്‍ ആരെടുക്കുമെന്ന് കട്ടായം പറയാന്‍ വോട്ടെണ്ണി തീരണം. 

യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് തൃശൂര്‍. ഒരു ലക്ഷം വോട്ടിനു താഴെ ഭൂരിപക്ഷത്തില്‍ ടി.എന്‍. പ്രതാപന്‍ ജയിച്ച മണ്ഡലം. ഈ ഭൂരിപക്ഷം അട്ടിമറിക്കാന്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ട് എതിരാളികള്‍ക്ക് കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മല്‍സരിച്ചപ്പോഴെല്ലാം ജയിച്ച നേതാവാണ് വി.എസ്. സുനില്‍കുമാര്‍. ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ സുനില്‍കുമാറിന്റെ ആത്മവിശ്വാസം നൂറുശതമാനമാണ്. 

സുരേഷ് ഗോപിയുടെ താരപ്രഭാവത്തിന്റെ മാജിക്കില്‍ വന്‍ഭൂരിപക്ഷം നേടി തൃശൂരില്‍ താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം.  പത്തുലക്ഷത്തിലേറെ വോട്ടുകള്‍ പോള്‍ ചെയ്തു. ആരു ജയിച്ചാലും ഭൂരിപക്ഷം ചെറുതാകുമെന്ന് വിലയിരുത്തുന്നവര്‍ ഏറെയുണ്ട് മണ്ഡലത്തില്‍. അതുക്കൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് ഫലം ഫൊട്ടോഫിനിഷില്‍ എത്തിയേക്കാം.