പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയെന്ന് കെ.പി.സി.സി അന്വേഷണ സമിതി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും സമിതി വിലയിരുത്തി. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കളെ അന്വേഷണ സമിതി നേരിട്ട് കാണും. റിപ്പോര്‍ട്ട് വൈകാതെ കെ.പി.സി.സിക്ക് കൈമാറും.
മേയ് ഏഴിനായിരുന്നു വിവാദ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ പങ്കെടുത്തത്. ചിത്രങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കടുത്ത വികാരമുയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് ഇടപെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം. നിയാസ്, രാഷ്ട്രീയ കാര്യ സമിതിയംഗം എന്‍. സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ അന്വേഷണ സമിതിയെ പ്രഖ്യാപിക്കുകയായിരുന്നു.പ്രാഥമികാന്വേഷണത്തില്‍ തന്നെ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയ സമിതി വിശദമായ അന്വേഷണമാണ് നടത്തിയത്. രക്തസാക്ഷികളെ അപമാനിക്കുന്ന നടപടിയാണ് നേതാക്കളില്‍ നിന്നും ഉണ്ടായതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.