ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സേനാവിന്യാസം. അതീവ പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകരയിലെ വിജയാഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു. വടകരയിലെ തീപാറിയ പോരാട്ടത്തില്‍ നേരിയ മേല്‍ക്കൈയോടെ കെ.കെ.ശൈലജ ജയിക്കുമെന്നാണ് മനോരമ ന്യൂസ്– വി.എം.ആര്‍ എക്സിറ്റ് പോള്‍ പ്രവചനം. ഷാഫി പറമ്പിലുമായി വോട്ടുവ്യത്യാസം 1.91 % മാത്രമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വന്‍ സുരക്ഷസംവിധാനമാണ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ളത്. ജില്ലാ വരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഏഴ് ഘട്ടമായാണ് ഇക്കുറി രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും.
എക്സിറ്റ് പോളുകൾ വൻവിജയം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. 295 സീറ്റ് ഉറപ്പാണെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നു. വോട്ടെണ്ണൽ ക്രമീകരണങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വാർത്താസമ്മേളനം നടത്തും. വോട്ടെണ്ണലിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന ഇന്ത്യാ സഖ്യത്തിന്റെയും ഇതിനെതിരെ ബിജെപിയുടെയും പരാതികളിൽ കമ്മീഷൻ പ്രതികരിക്കാനിടയുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നാളെ നടക്കും.
അതേസമയം, കേരളത്തില്‍ യു.ഡി.എഫ് 16 മുതല്‍ 18 സീറ്റുവരെ നേടാമെന്നാണ് മനോരമ ന്യൂസ്–വി.എം.ആര്‍ എക്സിറ്റ് പോള്‍. എല്‍.ഡി.എഫിന് രണ്ടുമുതല്‍ നാലുവരെ സീറ്റുകള്‍ക്കാണ് സാധ്യത. നേരിയ ഭൂരിപക്ഷത്തിലെങ്കിലും എല്‍.ഡി.എഫിന് കൂടുതല്‍ വിജയസാധ്യത വടകര, പാലക്കാട് മണ്ഡലങ്ങളിലാണ്. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് എക്സിറ്റ് പോളില്‍ യു.ഡി.എഫ് ഉറപ്പിക്കുന്നത്. മാവേലിക്കരയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ കരകയറുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായി വോട്ടുവിഹിതത്തില്‍ വ്യത്യാസം 1.6 % മാത്രമെന്നാണ് പ്രവചനം.