തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താനും തിരുത്തൽ വരുത്താനും സി.പി.എം./ വിശദമായ വിലയിരുത്തലുകൾക്ക് അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ചു. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമെന്നും യു.ഡി.എഫിൻറെ വോട്ടാണ് കൂടുതൽ പോയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിച്ചു. സംസ്ഥാനഭരണം വിലയിരുത്തിയിട്ടില്ല എന്ന് പറയാനാവില്ലെന്ന് സി.പി.ഐ തുറന്നടിച്ചു.
തിരുത്തേണ്ടത് തിരുത്തുമെന്ന് പറഞ്ഞെങ്കിലും അടപടലം തോറ്റതിന് ന്യായീകരണങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മടിയില്ല. തൃശൂരിൽ യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ടുമറിച്ചെന്നും വടകരയിൽ വർഗീയ–അശ്ലീല പ്രചരണം നടത്തിയാണ് ജയിച്ചതെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ആരെ ജയിപ്പിച്ചാലും ഇന്ത്യ മുന്നണിയാണല്ലോ എന്ന് ജനം ചിന്തിച്ചു കാണുമെന്നും എം.വി.ഗോവിന്ദൻ ആശ്വസിക്കുന്നു.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും മുന്നോട്ടുപോകാൻ തിരുത്തൽ വരുത്തിയേ പറ്റൂ എന്ന് അദ്ദേഹത്തിനും പാർട്ടിക്കുമറിയാം. മറ്റന്നാൾ സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് പ്രാഥമിക വിലയിരുത്തലും 16 മുതൽ 20 വരെ അഞ്ചുദിവസം ചേരുന്ന നേതൃയോഗങ്ങൾ വിശദമായ ചർച്ചയും നടത്തും. കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിൻറെ പേരിൽ വലിയ അഴിച്ചുപണിയൊന്നും പ്രതീക്ഷിക്കേണ്ടന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
കെ.എം.സച്ചിൻദേവ്, ഒ.ആർ കേളു, കെ.ശാന്തകുമാരി എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തോൽവിക്ക് ന്യായീകരണം നിരത്താനില്ലെന്ന് വ്യക്തമാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരാജയകാരണങ്ങൾ എൽ.ഡി.എഫ് പഠിക്കണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി – യു.ഡി.എഫ് ധാരണയെന്ന സി.പി.എം ആരോപണം ഏറ്റെടുക്കാനും സി.പി.ഐ തയ്യാറല്ല. വീഴ്ചകളുണ്ടായെങ്കിൽ അത് സമ്മതിച്ച് തിരുത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.