തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭാ നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കഴിഞ്ഞ ഒരുവർഷത്തെ  പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് മുന്നോട്ട് വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാതചികിത്സയിൽനിന്ന്‌ പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർഭരണം നൽകി. ദുരന്ത ഘട്ടങ്ങളിൽ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തിരഞ്ഞെടുത്തു

പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നാണ് മാർ കൂറിലോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണ്. സി.പി.എം. എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണ്.സാമ്പത്തികനയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, മോശമായ പോലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെയുള്ള അഴിമതി, പെൻഷൻ മുടങ്ങിയത്, പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്.എഫ്.ഐ.യുടെ അക്രമരാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതുവൽക്കരണ നയങ്ങൾ തുടങ്ങിയവയും ഈ തോൽവിക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ENGLISH SUMMARY:

Chief Minister Pinarayi Vijayan has engaged in a war of words with Dr.Geevarghese Mar Koorilos, the former leader of the Jacobite Church, following his criticisms of the government's performance in the wake of election defeat.