rajyasabha-talk

ഉഭയകക്ഷി ചര്‍ച്ചയിലും ഇടതുമുന്നണിയില്‍ കീറാമുട്ടിയായി രാജ്യസഭാ സീറ്റ്. കേരളകോണ്‍ഗ്രസിനായി വിട്ടുവീഴ്ച ചെയ്യാമോയെന്ന സി.പി.എമ്മിന്‍റെ അഭ്യര്‍ഥന സി.പി.ഐ നിഷ്കരുണം തള്ളി. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. കേരളകോണ്‍ഗ്രസ് മുന്നണി വിടുമെന്നത് രാഷ്ട്രീയ ഗോസിപ്പ് മാത്രമാണെന്ന് ജോസ് കെ.മാണി പ്രതികരിച്ചു.

 

രണ്ടു രാജ്യസഭാ സീറ്റിനായി അഞ്ച് ഘടകകക്ഷികളെന്ന അസാധാരണ സാഹചര്യത്തില്‍ വിയര്‍ത്ത് സി.പി.എം. പ്രശ്നപരിഹാരത്തിന് സി.പി.ഐയുമായും കേരളകോണ്‍ഗ്രസ് എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. മുന്നണിയുടെ കെട്ടുറപ്പിനെ കരുതി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് അഭ്യര്‍ഥിച്ചു. കേരളകോണ്‍ഗ്രസ് മുന്നണി വിട്ടേക്കുമെന്നും സി.പി.എമ്മിന് ആശങ്കയുണ്ട്. എന്നാല്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാടെടുത്ത ബിനോയ് വിശ്വം മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞു.

കഴിഞ്ഞ തവണ ഒഴിവു വന്ന എം.വി.ശ്രേയാംസ് കുമാറിന്‍റെ സീറ്റ് സി.പി.ഐക്ക് കൊടുത്ത കാര്യം ഓര്‍മിപ്പിച്ചാണ് ഇത്തവണ സീറ്റ് തങ്ങള്‍ക്കു തന്നെ വേണമെന്ന് കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. രാജ്യസഭയിലും ലോക്സഭയിലും പ്രാതിനിധ്യവുമായാണ് കേരളകോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വന്നതെന്നും ജോസ് കെ.മാണിയും സ്റ്റീഫന്‍ ജോര്‍ജും ഓര്‍മിപ്പിച്ചു. ചര്‍ച്ച അവസാനിച്ചെന്നും ഉചിതമായ തീരുമാനം സി.പി.എം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ.മാണി. പകരം മറ്റൊരു പദവി എന്ന കാര്യം ചര്‍ച്ചയില്‍ പോലുമില്ല.

ആര്‍.ജെ.ഡി, എന്‍.സി.പി എന്നീ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച ഉണ്ടാവില്ലെന്നാണ് സൂചന. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്ത് വൈകിട്ട് ഇടതുമുന്നണിയോഗത്തില്‍ സി.പി.എം തീരുമാനം അറിയിക്കും. സീറ്റ് കൈമോശം വരുന്ന പാര്‍ട്ടിയെ എങ്ങനെ അനുനയിപ്പിക്കാമെന്ന ആലോചനയിലാണിപ്പോള്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും.