binoy-sfi-new

എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐയുടേത് പ്രാകൃതരീതിയാണ്. ശൈലി തിരുത്തിയേ തീരൂ. ഇത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ രീതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അര്‍ഥം അറിയില്ല. തിരുത്തിയില്ലെങ്കില്‍ എസ്.എഫ്.ഐ, ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം തുറന്നടിച്ചു.

 

നിയമസഭയിലും എസ്.എഫ്.ഐ അക്രമം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. വലിയ ബഹളമാണ് കാര്യവട്ടം കാംപസിലെ എസ്.എഫ്.ഐ അക്രമത്തെ ചൊല്ലി സഭയില്‍ ഉണ്ടായത്. 121–ാം നമ്പര്‍ മുറി കാര്യവട്ടം കാംപസിലെ ഇടിമുറിയാണെന്നും എസ്.എഫ്.ഐയുടെ അതിക്രമങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. എന്നാല്‍ കാര്യവട്ടം കാംപസ് ഹോസ്റ്റലില്‍ പുറത്ത് നിന്നൊരാള്‍ പ്രവേശിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കെ.എസ്.യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഹോസ്റ്റലിലെ  സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നടപടികളില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി നടപടികള്‍ ഉണ്ടാകുമെന്നും സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കെ.എസ്.യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗവും കഴിഞ്ഞ ദിവസം കാംപസിലും ശ്രീകാര്യം സ്റ്റേഷന് മുന്നിലും ഏറ്റുമുട്ടിയിരുന്നു. അക്രമത്തില്‍ എ. വിന്‍സന്‍റ് എം.എല്‍.എയെ എസ്.എഫ്.ഐക്കാര്‍ കൈയേറ്റം ചെയ്തു. ഒരു പൊലീസുകാരനും കെ.എസ്.യു പ്രവര്‍ത്തകനും മര്‍ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY:

This is not the ideology of Left. New generation failed to understand the meaning and essence of Left, says CPI state secretary Binoy Viswam.