തൃശൂർ ഡി.സി.സിയിൽ കോണ്‍ഗ്രസുകാരുടെ കൂട്ടത്തല്ലില്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി. ഇന്നലെയാണ് കെ.മുരളീധരന്റെ അനുയായികളും ഡിസിസി പ്രസിഡന്‍റിന്റെ കൂട്ടാളികളും തമ്മിൽ പൊരിഞ്ഞ അടി നടന്നത്. മുരളീധരന്റെ വിശ്വസ്തനായ ഡിസിസി സെക്രട്ടറി സജീവന്‍ കുരിച്ചിറയെ പ്രസിഡന്‍റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതാണ് അടിയ്ക്കു കാരണം. സജീവനെ മര്‍ദിച്ചത് ചോദ്യംചെയ്ത് മുരളീധരന്റെ അനുയായികള്‍ ഡിസിസിയില്‍ എത്തിയതോടെ കൂട്ട അടിയായി.
അതേസമയം കൂട്ടത്തല്ലില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ വന്നു. കെ. സുധാകരനുമായി കെ .സി വേണുഗോപാല്‍ സംസാരിച്ചു. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു . മുരളീധരന്റെ വമ്പൻ തോൽവിയെ ചൊല്ലിയുള്ള പോസ്റ്റർ യുദ്ധമാണ് മുറുകി മുറുകി അടിയിൽ കലാശിച്ചത്. പാർട്ടിയുടെ അച്ചടക്കം വീണ്ടെടുക്കാൻ കോൺഗ്രസ് നേതൃത്വം കടുത്ത നടപടികളിലേയ്ക്ക് നീങ്ങും.