തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിനു നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്ത അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. രാത്രി 9 മണിയോടെയായിരുന്നു ആക്രമണം. ഉച്ചയ്ക്കും അക്രമികൾ എത്തി ഭീഷണിപ്പെടുത്തിയിരുന്നു. വീടിൻറെ മുൻവശത്ത് ജനൽ ചില്ല് തകർത്തു. ചെടിച്ചട്ടികൾ വലിച്ചിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആണ് അക്രമികൾ മടങ്ങിയത്.
സജീവന്റെ അമ്മയും സഹോദര പത്നിയും മാത്രമായിരുന്നു വീട്ടിൽ താമസം. സജീവനാകട്ടെ അയ്യന്തോളിൽ വാടകവീട്ടിലാണ് കഴിയുന്നത്. തൃശ്ശൂർ കോൺഗ്രസിലെ ചേരിപ്പോരിന്റെ തുടർച്ചയാണ് ആക്രമണമെന്ന് സംശയിക്കുന്നു.
കെ മുരളീധരന്റെ വിശ്വസ്തനാണ് സജീവൻ. തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി 40 ദിവസം മുരളീധരനെ അനുഗമിച്ചിരുന്നു. ഡി.സി.സി ഓഫീസിൽ കയ്യേറ്റത്തിനിരയായതിന്റെ പേരിൽ സജീവൻ പ്രതിഷേധ സമരം നടത്തിയിരുന്നു. ഡി.സി.സിയിൽ നടന്ന കയ്യാങ്കളിയുടെ പേരിൽ സജീവനെ സസ്പെൻഡ് ചെയ്തിരുന്നു. ഡി.സി.സി പ്രസിഡൻ്റും ജില്ലാ യു.ഡി.എഫ് കൺവീനറും രാജിവച്ചിട്ടും തൃശ്ശൂർ കോൺഗ്രസിലെ പ്രശ്നങ്ങൾ തീരുന്നില്ല. വിവരമറിഞ്ഞ് ഒല്ലൂർ പൊലീസ് എത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. അക്രമകളെ തിരിച്ചറിയാൻ പൊലീസി അന്വേഷണം തുടരുകയാണ്.