പട്ടിക്ക് പോലും നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന പെരുവഴിയിൽ നിന്ന് പട്ടികജാതി, ഈഴവാദി പിന്നാക്ക മനുഷ്യരെ 'ഹോയ്.. ഹോയ്' വിളിച്ച് അകറ്റിനിർത്തിയിരുന്ന ഒരു കാലം. ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ ആ കാലത്തെ അതിജീവിച്ച്, അതേ സമുദായത്തിൽ നിന്ന് ഒരു ചീഫ് മിനിസ്റ്ററും ചീഫ് ജസ്റ്റിസും ചീഫ് സെക്രട്ടറിയും വരെ ഉണ്ടായ പോരാട്ട കഥ മുൻ മുഖ്യമന്ത്രി സി. കേശവൻ തന്‍റെ 'ജീവിതസമര'ത്തിൽ കുറിച്ചിട്ടിട്ടുള്ളത് ഒരേസമയം രണ്ടുവികാരത്തോടെയാണ് വായിക്കാനാവുക. ഇങ്ങനെയും മനുഷ്യർ പെരുമാറിയല്ലോ എന്ന അപമാനഭാരത്തോടെയും, അതിനെയൊക്കെ ചെറുത്തുതോൽപ്പിച്ച സമരവീര്യം ഓർത്ത് അഭിമാനബോധത്തോടെയും. സി.കേശവൻ കുറിച്ചത് നമ്മുടെ നാട്ടിൽ രണ്ടുതലമുറയ്ക്ക് മുൻപ് അനുഭവിച്ച നാണംകെട്ട ജീവിതാവസ്ഥയാണ്. കംപ്യൂട്ടർ നൂറ്റാണ്ടിന്‍റെ ആദ്യപാദം പിന്നിട്ട് നിൽക്കുമ്പോൾ, ആ പഴയ കാലത്തിലേക്ക്, പട്ടിക്ക് പോലും നടക്കാൻ സ്വാതന്ത്ര്യമുള്ള വഴികളിൽ നിന്ന് മനുഷ്യരെ മാറ്റിനിർത്തുന്നതിലേക്കാണോ നമ്മുടെ യാത്ര.
പറയുമ്പോൾ വലിയ പുരോഗമനമാണ്. പുരോഗമനവാദികളുടെ നാട് ആണ്. ആനയാണ് ചേനയാണ് മാടയാണ് കോടയാണ്... പക്ഷേ നടക്കുന്നത് ഏഴ് പതിറ്റാണ്ടിന് മുൻപ് നമ്മൾ പടിയിറക്കിവിട്ട പലതുമാണ്. അതേ, കൂടൽമാണിക്യത്തെക്കുറിച്ച് തന്നെ. ഇന്ത്യൻ ഭരണഘടനയുടെ 17-ാം അനുച്ഛേദത്തിലൂടെ നിരോധിച്ച തൊട്ടുകൂടായ്മയാണ് കഴകക്കാരനായ ബി. ബാലുവിന് നേരിടേണ്ടിവന്നത്.
ഇങ്ങനെയും ഒരു ചരിത്രം
ആദ്യം അഭിമാനം കൊള്ളാനൊരു കാര്യം പറയാം. ഹരിജൻ സേവാ സംഘത്തിന്‍റെ പ്രവർത്തനഫണ്ട് ശേഖരണത്തിനായി എത്തിയ ഗാന്ധിജിക്ക് ആഭരണങ്ങൾ സംഭാവന നൽകിയ അന്നത്തെ സവർണ്ണ (എന്ന് അവകാശപ്പെടുന്ന) വിഭാഗത്തിൽ വരുന്ന രണ്ട് സ്ത്രീകൾ- സുഭദ്രയുടെയും രാജേശ്വരിയുടെയും നാടാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട പാലിയത്ത് കുഞ്ഞുണ്ണിയച്ചന്‍റെ നേതൃത്വത്തിൽ നടന്ന പന്തിഭോജനവും വലിയ ഒച്ചപ്പാടുണ്ടാക്കിയ ഒന്നാണ്.
കുട്ടംകുളം സമരം
1936ൽ തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിച്ചിട്ടും കൊച്ചിയിലെ സ്ഥിതി മാറിയിരുന്നില്ല. കൂടൽമാണിക്യം ക്ഷേത്രത്തിൽ അന്നത്തെ അവർണ്ണർക്ക് ആരാധനാസ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ക്ഷേത്രത്തിന് മുൻപിലുള്ള മൂന്ന് ഏക്കറിലായി കിടക്കുന്ന കുട്ടംകുളത്തിന് അടുത്ത് കൂടി പോലും സഞ്ചാരസ്വാതന്ത്ര്യമില്ലായിരുന്നു. രാജകൽപ്പനയ്ക്ക് പുറമേ ജില്ലാ മജിസ്ട്രേട്ട് പുറപ്പെടുവിച്ച ഒരു തീണ്ടൽ പലകയും ഇവിടെ സ്ഥാപിച്ചിരുന്നു. പൊലീസ് കാവലിൽ സ്ഥാപിച്ചിരുന്ന ആ തീണ്ടൽ പലകയിലെ വാചകങ്ങൾ ആ കാലത്തെ ഓർത്ത് തലതാഴ്ത്തി ലജ്ജിച്ചു മാത്രമേ വായിക്കാനാകു.
തീണ്ടൽ പലക
''കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിലിന് പുറമേകൂടിയും കുളത്തിന്‍റെ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥക്കുളവും അശുദ്ധമാകുന്നതായിരിക്കും. അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിയാവായിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ വഴികളിൽക്കൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തു പോകരുതെന്ന് നാം ഇതിനാൽ ഖണ്ഡതിതമായി കൽപ്പിച്ചിരിക്കുന്നു......''
ഈ അനാചരത്തിനെതിരെ 1946 ജൂൺ 23ന് പി.സി.കുറുമ്പ, കെ.വി.ഉണ്ണി, പി.ഗംഗാധരൻ, പി.കെ.കുമാരൻ, എം.ടി.കൊച്ചുമാണി, എംകെ തയ്യിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരമാണ് കുട്ടംകുളം സമരം. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ.ചാത്തൻ മാസ്റ്ററുടെ സജീവ സാന്നിധ്യത്തിലായിരുന്നു സമരം. സമരനായകന്മാർ നേരിട്ട പൊലീസ് ഭീകരത വിവരാണീതമാണ്. പി.ഗംഗാധരൻ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടാണ് പൊലീസ് മർദ്ദിച്ചത്.
സമരത്തിന് മുൻപിൽ രാജാവ് കീഴടങ്ങി. ക്ഷേത്ര പ്രവേശനം അനുവദിക്കാമെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ ഒന്നരവർഷത്തിന് ശേഷം കുട്ടംകുളം പരിസരത്ത് കൂടി നടക്കാൻ എല്ലാവിഭാഗക്കാരെയും അനുവദിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് തച്ചടുമ കൈമൾക്കായിരുന്നു. കൈമളിൽ നിന്ന് അധികാരങ്ങൾ തിരിച്ചെടുത്ത് കൂടൽമാണിക്യം ദേവസ്വം ക്ഷേത്രമായി മാറിയത് 1970ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയായ ശേഷമാണ്. അതിനായി നിയമം തന്നെ കൊണ്ടുവന്നു അന്നത്തെ സി.പി.ഐ- കോൺഗ്രസ് ഐക്യമുന്നണി സർക്കാർ. പേരുകേട്ട പാലിയം സമരത്തിന് പ്രചോദനമായത് കുട്ടംകുളം സമരമാണ്. ഐതിഹാസിക സമരചരിത്രം കുറിച്ച അതേ കൂടൽമാണിക്യമാണ് ഏഴര പതിറ്റാണ്ടിനിപ്പുറം വീണ്ടും പഴയപാതയിലേക്ക് തിരിച്ചുനടക്കുന്നത്.