നയിക്കാൻ നായകൻ വരട്ടെ എന്ന തലക്കെട്ടിൽ കെ മുരളീധരനായി തലസ്ഥാനത്ത് പോസ്റ്ററുകൾ. തൃശൂരിലെ തോല്‍വിയിൽ ഇടഞ്ഞുനില്‍ക്കുന്ന മുരളീധരന്‍ എഐസിസി നേതൃത്വത്തെ കാണാന്‍ ഇന്ന് ഡല്‍ഹിക്ക് പോകാനിരിക്കെയാണ് നഗരത്തിലാകെ പോസ്റ്റർ പതിച്ചത്.
കെപിസിസി, ഡിസിസി ഓഫീസുകൾക്ക് മുൻപിൽ മാത്രമല്ല നഗരത്തിലാകെ ഉണ്ട് ഈ പോസ്റ്റർ. ‘പ്രിയപ്പെട്ട കെ.എം, തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം, പക്ഷേ വർഗീയതക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ എന്നും അജയ്യനാണ്. കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണം. എന്നും എപ്പോഴും ഞങ്ങളുണ്ട് അങ്ങയ്ക്കൊപ്പം. ആരാണ് ഞങ്ങൾ എന്നതിന് ഉത്തരം കോൺഗ്രസ് പ്രവർത്തകർ’ എന്ന് മാത്രമേ പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളു. സാധാരണ കാണാറുള്ള അച്ചടിച്ച പ്രസ്സിന്റെ പേര് പോലും പോസ്റ്ററിൽ ഇല്ല. പോസ്റ്ററിനെ പിന്തുണച്ചും ചിലർ എത്തി.
തൃശ്ശൂരിലെ പരാജയത്തിനുശേഷം മുഖം തിരിച്ചു നിൽക്കുന്ന കെ മുരളീധരൻ ഇന്ന് ഡൽഹിക്ക് പോകും. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചക്ക് ശേഷമേ രാഷ്ട്രീയ ഭാവി സംബന്ധിച്ച് മുരളി മനസ്സ് തുറക്കു.